ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്നലെ രാത്രിയില്‍ പെയ്തത് ശക്തമായ മഴ. ഇതോടെ ചൊവ്വാഴ്ച വിമാന സര്‍വ്വീസുകള്‍ താറുമാറായിരിക്കുകയാണ്. നിരവധി അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങള്‍ മഴ കാരണം വൈകിയതായി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദുബായ്, ഡല്‍ഹി, പൂനെ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഉള്‍പ്പെടെയാണ് വൈകിയത്.
നഗരത്തില്‍ കോടമ്പാക്കം ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസമുണ്ടായി. ഇവ നീക്കം ചെയ്യാനുള്ള നീക്കത്തിലാണ് നഗരസഭാ ഉദ്യോഗസ്ഥര്‍. മഴ എത്തിയതോടെ കൊടുംചൂടിന് ആശ്വാസമായിട്ടുണ്ട്.
ഇന്നും തമിഴ്‌നാട്ടില്‍ ചിലയിടങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ നേരിയ/മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ജൂണ്‍ 23 വരെ ചെന്നൈ നഗരത്തില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും അറിയിപ്പുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലിലും കേരള തീരത്തും അന്തരീക്ഷ പ്രവാഹം താഴ്ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ്‌നാട്ടില്‍ നല്ല മഴ പെയ്യുകയാണ്.