ന്യൂഡല്‍ഹി: 50 ഡിഗ്രി സെല്‍ഷ്യസിലധികം ഉയര്‍ന്ന താപലനിലയില്‍ വെന്തുരുകിയ രാജ്യ തലസ്ഥാനത്ത് ഇപ്പോള്‍ പെരുമഴക്കാലം. ഡല്‍ഹിയില്‍ അടുത്ത 4 ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ശക്തമായ മഴ എത്തുമെന്നതിനാല്‍ ഐഎംഡി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, അടുത്ത ഏഴ് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡല്‍ഹിയില്‍ ദിവസം മുഴുവന്‍ മിതമായതോ കനത്തതോ ആയ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇതിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നുവെന്നും ഐഎംഡി മുന്നറിയിപ്പുണ്ട്. രോഹിണിയും ബുരാരിയും ഉള്‍പ്പെടെ ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്ന് രാവിലെയാണ് മഴ ലഭിച്ചത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നതനുസരിച്ച്, ഒരു ദിവസം 7.6 നും 35.5 മില്ലീമീറ്ററിനും ഇടയില്‍ പെയ്യുന്നത് മിതമായ മഴയും, 64.5 നും 124.4 മില്ലീമീറ്ററിനും ഇടയിലുള്ളത് കനത്ത മഴയുമാണ്.
വെള്ളിയാഴ്ചയാണ് മണ്‍സൂണ്‍ ഡല്‍ഹിയില്‍ എത്തിയത്, മൂന്ന് മണിക്കൂര്‍ നീണ്ട മഴ നഗരത്തില്‍ നാശം വിതച്ചിരുന്നു. അതിനിടെ ഇന്നലെ ഡല്‍ഹി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ -1 ന്റെ മേല്‍ക്കൂര തകര്‍ന്ന ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. തലസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് വെള്ളിയാഴ്ച 228.1 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 1936 ന് ശേഷം ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മഴയാണിത്.
ഡല്‍ഹിയില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില 28 ഡിഗ്രി സെല്‍ഷ്യസാണ്. പരമാവധി താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെയായും ഉയര്‍ന്നേക്കും.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) ‘മിതമായ’ വിഭാഗത്തിലേക്ക് എത്തിയിട്ടുണ്ട്.