കൽപറ്റ: വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ചൂരൽമല-മുണ്ടക്കൈ മേഖലകളിൽ കനത്ത മഴ. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് മഴ കനത്തത്. ഉരുൾപൊട്ടലിനുശേഷം, ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കാനായി കണ്ണാടിപ്പുഴയ്ക്ക് കുറുകെ സൈന്യം നിർമിച്ച താൽകാലിക നടപ്പാലം മഴയിലും കുത്തൊഴുക്കിലും തകർന്നു. പുഴയിൽ ഇപ്പോഴും ശക്തമായ കുത്തൊഴുക്കാണുള്ളത്.
പുഴമുറിച്ചു കടക്കാൻ ശ്രമിച്ച പശു കുത്തൊഴുക്കിൽപ്പെട്ടു. ഇതിനിടെ പശുവിന്റെ കാൽ നടപ്പാലത്തിന്റെ കമ്പിയിൽ കുടുങ്ങിയതോടെ രക്ഷിക്കാൻ സാധിക്കാതെ വന്നു. അഗ്നിരക്ഷാസേന പശു ഒഴുകിപ്പോകാതിരിക്കാൻ കയർ ഇട്ട് കെട്ടി വയ്ക്കുകയായിരുന്നു. തുടർന്ന് പശുവിനെ രക്ഷിച്ചു.
അവശനിലയിലായ പശുവിന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പ്രാഥമിക ശുശ്രൂഷ നൽകി. മൃഗഡോക്ടറെ ഇവിടേക്ക് എത്തിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്.