കനത്ത മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി: ‘സമയം പാഴാക്കരുത് വായിക്കുകയും പഠിക്കുകയും ചെയ്യണമെന്ന്’ ആലപ്പുഴ കളക്ടര്‍

ആലപ്പുഴ: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കാസര്‍കോട്, തൃശൂര്‍, ആലപ്പുഴ, ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അതാത് കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. റവന്യു ജില്ലാ കലോത്സവത്തിനും റസിഡന്‍ഷല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. പരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കും.

ജില്ലയിലെ അവധി അറിയിപ്പിനൊപ്പം ആലപ്പുഴ കളക്ടറുടെ കുറിപ്പും വൈറലായി. ഇന്നലെ അവധി തന്നിലെന്ന് പറഞ്ഞു ഒരുപാട് കുഞ്ഞുങ്ങളും മാതാപിതാക്കളും പരിഭവവുമായി എത്തിയിരുന്നു. വെറുതെ അവധി തരാനാവിലല്ലോ, മഴ മുന്നറിയിപ്പും മറ്റ് സാഹചര്യങ്ങളും നോക്കി മാത്രമല്ലേ അവധി തരാനാകൂ എന്ന് കളക്ടര്‍ വ്യക്തമാക്കി. മാത്രമല്ല, വെള്ളത്തില്‍ ഇറങ്ങി കളിക്കാനോ മഴ നനഞ്ഞു പനി പിടിപ്പിക്കാനോ നിക്കരുതെന്നും സമയം പാഴാക്കാതെ പഠിക്കണമെന്നും അദ്ദേഹം പോസ്റ്റിലൂടെ ഉപദേശിക്കുന്നുമുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:

പ്രിയപ്പെട്ട മാതാപിതാക്കളെ, കുട്ടികളെ, നാളെ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധിയാണുട്ടോ.. ഇന്ന് അവധി തന്നിലെന്ന് പറഞ്ഞു ഒരുപാട് കുഞ്ഞുങ്ങളും മാതാപിതാക്കളും പരിഭവവുമായി എത്തിയിരുന്നു. വെറുതെ അവധി തരാനാവിലല്ലോ, മഴ മുന്നറിയിപ്പും മറ്റ് സാഹചര്യങ്ങളും നോക്കി മാത്രമല്ലേ അവധി തരാനാകൂ..

എന്തായാലും നിങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങളേ ജില്ല ഭരണകൂടം കൈക്കൊള്ളൂ. അതോര്‍ത്ത് പേടിക്കേണ്ടട്ടോ…പിന്നെ അവധി കിട്ടിയെന്ന് വെച്ച് ആ സമയം വെറുതെ പാഴാക്കരുത്. പുസ്തകങ്ങള്‍ വായിക്കാനും ക്രിയേറ്റീവ് ആയി നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും സ്‌കൂളിലേക്കുള്ള അസൈന്‍മെന്റ് ചെയ്യാനും പഠിക്കാനും ഒക്കെ വിനിയോഗിക്കണം. വെള്ളത്തില്‍ ഇറങ്ങി കളിക്കാനോ മഴ നനഞ്ഞു പനി പിടിപ്പിക്കാനോ നിക്കരുത് കേട്ടോ. ഈ കാര്യം മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. ഒത്തിരി സ്‌നേഹത്തോടെ…

More Stories from this section

family-dental
witywide