ന്യൂഡല്‍ഹി: മലയാള സിനിമാ മേഖലയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി ഒരുക്കുകയും ചെയ്ത ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.
റിപ്പോര്‍ട്ട് സര്‍ക്കാര്‍ 5 വര്‍ഷം പൂഴ്ത്തിയെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സി ബി ഐ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല, റിപ്പോര്‍ട്ട് സുപ്രീംകോടതി വിളിച്ച് വരുത്തണമെന്നും ആവശ്യമുണ്ട്. റിപ്പോര്‍ട്ടിലൂടെ പുറംലോകം അറിഞ്ഞ വസ്തുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയ വനിതാ കമ്മീഷനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
സംസ്ഥാന സര്‍ക്കാര്‍, സി ബി ഐ, ദേശീയ വനിതാ കമ്മീഷന്‍ അടക്കം എതിര്‍ കക്ഷികളാക്കി അഭിഭാഷകന്‍ അജീഷ് കളത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.