ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുകയുന്നു: പരാതി ഉണ്ടെങ്കില്‍ കേസെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍, റിപ്പോര്‍ട്ടുണ്ടല്ലോ പിന്നെന്തിന് പരാതിയെന്ന് ശശി തരൂര്‍

കൊച്ചി: ഇന്നലെ സര്‍ക്കാര്‍ പുറത്തുവിട്ട ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച പുകയുന്നു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷം തുടര്‍ നടപടികളിലേക്ക് പോകേണ്ടതാണെങ്കില്‍ പോകും. നിയമപരമായ വശങ്ങള്‍ പരിശോധിച്ച ശേഷമാകും തുടര്‍ നടപടികളിലേക്ക് പോകുകയെന്ന് മന്ത്രി സജി ചെറിയാന്റെ പ്രതികരണം.

റിപ്പോര്‍ട്ടില്‍ നടപടി വേണമെങ്കില്‍ കോടതി പറയട്ടെയെന്നും പുറത്ത് വിടാത്ത രഹസ്യ ഭാഗങ്ങളില്‍ നടപടി എടുക്കേണ്ടതുണ്ടെങ്കില്‍ കോടതി പറയണമെന്നും മന്ത്രി പ്രതികരിച്ചു. മാത്രമല്ല, ഇരയാക്കപ്പെട്ടവരെ കുറിച്ച് ഞങ്ങള്‍ക്ക് മുന്നില്‍ പരാതി വന്നിട്ടില്ലെന്നും വന്നാല്‍ കര്‍ശന നടപടി ഉണ്ടാകും. ഒരു വിട്ടു വീഴ്ചയും സര്‍ക്കാര്‍ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ വന്ന റിപ്പോര്‍ട്ടില്‍ ഒരാളുടെയും പേര് പറഞ്ഞ് കേട്ടില്ല. പ്രത്യേക സംഘത്തെ നിയമിക്കുമോ എന്ന കാര്യവും പരിശോധിക്കുമെന്നാണ് സജി ചെറിയാന്റെ പ്രതികരണം.

അതേസമയം, റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പിടിച്ചുവെച്ചതെന്ന് ശശി തരൂര്‍ ചോദിച്ചു. മൊഴിനല്‍കിയ ആരും പരാതി നല്‍കിയില്ലെന്നാണ് മന്ത്രി പറയുന്നത്. സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ഉണ്ടല്ലോ. പിന്നെ എന്തിനാണ് വീണ്ടും പരാതിയെന്നും തരൂര്‍ ചോദിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ സാമൂഹിക സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നും വിഷയത്തില്‍ നിലപാടെടുക്കാന്‍ സര്‍ക്കാര്‍ വൈകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.