ഹേമന്ത് സോറൻ ഝാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു, ഹർജി ഇന്ന് പരിഗണിക്കും

റാഞ്ചി: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ബുധനാഴ്ച രാത്രി ഝാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു.

ഭൂമി തട്ടിപ്പ് കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുമ്പ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

സോറൻ്റെ ഹർജി ഇന്ന് രാവിലെ 10.30ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് അനുഭ റാവത്ത് ചൗധരി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.

നിലവിലെ ഗതാഗതമന്ത്രിയും സോറന്റെ വിശ്വസ്തനുമായ ചംപായ് സോറനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തതായി ജെ.എം.എം. എംഎല്‍എമാര്‍ അറിയിച്ചു. ചംപായ് സോറൻ അടുത്ത മുഖ്യമന്ത്രിയാകും. ഭരണകക്ഷി എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തി ചംപായ് സോറന്‍ ഗവര്‍ണറെ കണ്ടു. നേരത്തെ, ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

600 കോടി രൂപയുടെ സര്‍ക്കാര്‍ ഭൂമി കുംഭകോണത്തില്‍ സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറും റാഞ്ചി ഡെപ്യൂട്ടി കമ്മീഷണറുമായിരുന്ന 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ ചാവി രഞ്ജന്‍ ഉള്‍പ്പെടെ 14 പേരെ കേസില്‍ ഇതുവരെ ഏജന്‍സി അറസ്റ്റ് ചെയ്തിട്ടുണ്ട്.