ഹേമന്ത് സോറൻ കസ്റ്റഡിയിൽ; ചംപായ് സോറൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കും

റാഞ്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവെച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് ഹേമന്ത് സോറന്‍ രാജിക്കത്ത് കൈമാറി.

നിലവിലെ ഗതാഗതമന്ത്രിയും സോറന്റെ വിശ്വസ്തനുമായ ചംപായ് സോറനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തതായി ജെ.എം.എം. എംഎല്‍എമാര്‍ അറിയിച്ചു. ചംപായ് സോറൻ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. ഭരണകക്ഷി എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തി ചംപായ് സോറന്‍ ഗവര്‍ണറെ കണ്ടു. നേരത്തെ, ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ഭൂമി കുംഭകോണ കേസിൽ ഇന്ന് ആറ് മണിക്കൂറിലേറെ ഹേമന്ത് സോറനെ ഇ.ഡി ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. സോറന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

600 കോടി രൂപയുടെ സര്‍ക്കാര്‍ ഭൂമി കുംഭകോണത്തില്‍ സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടറും റാഞ്ചി ഡെപ്യൂട്ടി കമ്മീഷണറുമായിരുന്ന 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ ചാവി രഞ്ജന്‍ ഉള്‍പ്പെടെ 14 പേരെ കേസില്‍ ഇതുവരെ ഏജന്‍സി അറസ്റ്റ് ചെയ്തിട്ടുണ്ട്.