അഞ്ച് മാസത്തിന് ശേഷം സോറൻ പുറത്തേക്ക്; ഭൂമിതട്ടിപ്പ് കേസിൽ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

റാഞ്ചി: ഭൂമി തട്ടിപ്പ് കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇന്ന് രാവിലെ ജയിൽ മോചിതനായി. പ്രഥമദൃഷ്ട്യാ ഹേമന്ത് സോറൻ കുറ്റക്കാരനല്ലെന്നു അദ്ദേഹത്തിൻ്റെ അഭിഭാഷകൻ അരുണാഭ് ചൗധരി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

വ്യാജരേഖ ചമച്ച് 2020– 22ൽ ആദിവാസി ഭൂമി തട്ടിയെടുത്തെന്ന കേസിൽ ജനുവരി 31നാണ് സോറനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2021 ൽ റാഞ്ചിയിലെ അംഗാരയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടിയതും ബർഹൈതിൽ അനധികൃത ഖനനത്തിൽ പങ്കാളിയായതും ഉള്‍പ്പടെ രണ്ട് കേസുകള്‍ കൂടി ഇ.ഡി. അന്വേഷിക്കുന്നുണ്ട്.

അറസ്റ്റിലായി അഞ്ച് മാസത്തിന് ശേഷമാണ് ഹേമന്ത് സോറന് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. നേരത്തെ സംസ്ഥാന നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കോടതി അനുമതി നല്‍കിയിരുന്നു.

ഇ.ഡി.അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുമ്പായി ജനുവരി 31-ന് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നോക്കക്ഷേമ, ഗതാഗതമന്ത്രിയായിരുന്ന ചംപയ് സോറനെ (67) പുതിയ മുഖ്യമന്ത്രിയായി നിർദേശിച്ചായിരുന്നു ഹേമന്ത് സോറന്‍ രാജിവച്ചത്.

More Stories from this section

family-dental
witywide