6 ഭാര്യമാര്‍, 10,000 കുഞ്ഞുങ്ങള്‍ ! ഇവനാണ് ഹെന്റി, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതല

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതലയായി അംഗീകരിക്കപ്പെട്ട് ഹെന്റി !. ഹെന്റിയുടെ പ്രായം 123 പിന്നിട്ടിരിക്കുകയാണ്. 700 കി.ഗ്രാം ഭാരവും 16 അടി നീളവുമുള്ള ഈ മുതല നരഭോജി ഇനത്തില്‍പ്പെടുന്നു.

ഇതുവരെ ഹെന്റിക്ക് ആറ് ഇണകള്‍ ഉണ്ടായിട്ടുണ്ട്. ഇവരിലായി പതിനായിരത്തോളം കുഞ്ഞുങ്ങളും വിരിഞ്ഞിറങ്ങിയിട്ടുണ്ട്. ഏകദേശം ഒരു മിനിബസിനോട് കിടപിടിക്കുന്ന നീളമുണ്ട് ഇവന്.

യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ ബോട്സ്വാനയിലെ ഒകവാംഗോ ഡെല്‍റ്റയിലാണ് ഹെന്റിയുടെ ജീവിതയാത്ര ആരംഭിച്ചത്. 1900 ഡിസംബര്‍ 16നായിരുന്നു ഹെന്റി പിറന്നത്.

ജന്മ നാടായ ബോട്‌സ്വാനയിലെ പ്രാദേശിക ഗോത്രങ്ങള്‍ക്കിടയില്‍ ഹെന്റി ഒരു പേടിസ്വപ്‌നമായിരുന്നു. നരഭോജി ഇനത്തില്‍പ്പെട്ടതായതുകൊണ്ടുതന്നെ ഹെന്റിയുടെ ആഹാരത്തില്‍ മനുഷ്യക്കുട്ടികളും ഉള്‍പ്പെടുമായിരുന്നു. ഇതില്‍ മനം മടുത്ത ഗോത്രങ്ങള്‍, പ്രശസ്ത വേട്ടക്കാരനായ സര്‍ ഹെന്റി ന്യൂമാന്റെ സഹായം തേടി. അദ്ദേഹമാകട്ടെ കൊല്ലുന്നതിനുപകരം, മുതലയെ പിടികൂടി, ആജീവനാന്ത തടവിന് ശിക്ഷിച്ചു!. അദ്ദേഹത്തിന്റെ പേരിലാണ് പിന്നീട് ഈ മുതലയും അറിയപ്പെട്ടത്. അങ്ങനെ അവന്‍ ഹെന്റിയായി.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ദക്ഷിണാഫ്രിക്കയിലെ സ്‌കോട്ട്ബര്‍ഗിലുള്ള ക്രോക്വേള്‍ഡ് കണ്‍സര്‍വേഷന്‍ സെന്ററിലാണ് ഹെന്റിയുള്ളത്. അവിടെ, വലുപ്പവും പ്രായവും കൊണ്ട് സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആഫ്രിക്കയിലുടനീളമുള്ള 26 രാജ്യങ്ങളില്‍ കാണപ്പെടുന്ന ഒരു നൈല്‍ മുതല വര്‍ഗമാണ് ഹെന്റിയുടേത്. ക്രൂരമായ സ്വഭാവത്തിന് പേരുകേട്ട ഈ മുതലകള്‍ നരഭോജികളായതിനാല്‍ ആളുകളിലും ‘ഭീകര’നാണ്.

More Stories from this section

family-dental
witywide