ധാന്യങ്ങൾ, പാൽ, പിസ്സ, ചിക്കൻ, ചെമ്മീൻ, ട്യുണ, മുട്ട, പഴം, പച്ചക്കറി! ബഹിരാകാശത്ത് കുടുങ്ങിയ സുനിതയുടെ മെനു പുറത്തുവിട്ട് നാസ

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി തുടരുന്ന ഇന്ത്യന്‍ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിവിധ ഘട്ടങ്ങളിൽ പലവിധ ആശങ്കകൾ ഉയർന്നിട്ടുണ്ട്. ആശങ്കകൾ തള്ളികളഞ്ഞുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സുനിത തന്നെ രംഗത്തെത്തിയിട്ടുമുണ്ട്. താൻ പൂർണ ആരോഗ്യവതിയാണെന്നും ആശങ്ക വേണ്ടെന്നും സുനിത നേരത്തെ ഒരു വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ നാസ തന്നെ സുനിതയുടെയും ബുച്ച്‌ വില്‍മോറിന്റെയും മെനു വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.

ധാന്യങ്ങളാണ് പ്രധാനമായും സുനിത ബഹിരകാശത്തും കഴിക്കുന്നത്. ഇതിനൊപ്പം തന്നെ പൊടിച്ച പാൽ, പിസ്സ, ചെമ്മീൻ കോക്ക്ടെയിലുകൾ, റോസ്റ്റ് ചിക്കൻ, ട്യൂണ എന്നിവയാണ് ബ്രേക്ക് ഫാസ്റ്റായി കഴിക്കാറുള്ളത്. ഫ്രീസ് ചെയ്ത പഴങ്ങളും പച്ചക്കറികളും വളരെ ചെറിയ അളവിലും കഴിക്കുന്നുണ്ട്. ഓരോ ബഹിരാകാശ സഞ്ചാരിയുടെയും ഭക്ഷണം ഫ്രീസ്-ഡ്രൈഡ് അല്ലെങ്കിൽ പാക്കേജ് ചെയ്തതാണ്. ഈ ഭക്ഷണം ഫുഡ് വാമർ ഉപയോഗിച്ച് വീണ്ടും ചൂടാക്കാം. മാംസവും മുട്ടയും ഭൂമിയിൽ പാകം ചെയ്തവയാണ്. ഇവ ബഹിരാകാശത്തുവച്ച് വീണ്ടും ചൂടാക്കിയാകും കഴിക്കുക.

നിർജ്ജലീകരണം ചെയ്ത സൂപ്പുകൾ, പായസം, കാസറോളുകൾ എന്നിവയ്ക്ക് ബഹിരാകാശ നിലയത്തിലെ 530-ഗാലൻ ശുദ്ധജല ടാങ്കിൽ നിന്നുള്ള വെള്ളം ആവശ്യമാണ്. സുനിതയും വിൽമോറും സ്വന്തമായി ഭക്ഷണം തയ്യാറാക്കി ലോഹ പാത്രങ്ങളുള്ള കാന്തിക ട്രേകളിലാണ് കഴിക്കുന്നത്. ബഹിരാകാശത്തുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ആരോഗ്യസംഘം കൃത്യമായി സുനിതയുടെയും ബുച്ച്‌ വില്‍മോറിന്റെയും ആരോഗ്യാവസ്ഥ മോണിട്ടര്‍ ചെയ്യുന്നുണ്ട്. ആവശ്യത്തിലധികം ഭക്ഷണം യാത്രികര്‍ക്കുണ്ടെന്നും അതിന്റെ അഭാവമല്ല ശരീരം മെലിയുന്നതിനു കാരണമെന്നും സംഘം വ്യക്തമാക്കുന്നു.

2024 ജൂണിലാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തില്‍ സുനിത വില്യംസും ബുച്ച്‌ വില്‍മോറും എട്ടുദിവസത്തെ ദൗത്യത്തിനായി നിലയത്തിലെത്തിയത്. എന്നാല്‍ സ്‌റ്റാർലൈനർ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ഇവരെ 2025 ഫെബ്രുവരിയോടെ തിരികെയെത്തിക്കും. സ്‌പേസ്‌ എക്സിന്റെ ക്രൂ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ‘ഫ്രീഡ’മാണ് ഇവരെ തിരികെ എത്തിക്കുക.