ലെബനനിൽ ഇസ്രായേൽ യുദ്ധം കടുപ്പിക്കുന്നു, സർവ സന്നാഹവുമായി അമേരിക്കയും ഒപ്പം, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

പേജർ, വോക്കി ടോക്കി സ്ഫോടനപരമ്പരകൾക്കു പിന്നാലെ ലബനനിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നു. ആയുധങ്ങളും പടക്കപ്പലുകളുമായി അമേരിക്കയും സൈനികസാന്നിധ്യം വർധിപ്പിച്ചതോടെ എപ്പോൾ വേണമെങ്കിലും രൂക്ഷമായ യുദ്ധം ഉണ്ടായേക്കാം എന്നതാണ് നിലവിലെ സാഹചര്യം. സ്ഥിതി​ഗതികൾ കൂടുതൽ കലുഷിതമായ സാഹചര്യത്തിൽ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നാണ് യു എസ് പറയുന്നതെങ്കിലും സൈനിക ശക്തി കൂട്ടിയത് ആശങ്ക വർധിക്കാൻ കാരണമായിട്ടുണ്ട്.

ഇസ്രയേൽ– ലബനൻ സംഘർഷം രൂക്ഷമായതിനു സൈനികരുടെ എണ്ണം 50,000 ആയിട്ടാണ് യു എസ് ഉയർത്തിയത്. നേരത്തെ, 40,000 സൈനികരും പന്ത്രണ്ടോളം യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും സൈനിക വ്യൂഹത്തിൽ ഉൾപ്പെട്ടിരുന്നു.

സഖ്യകക്ഷികളെ സംരക്ഷിക്കുന്നതിനും ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും യു എസ് വർഷങ്ങളായി ഇവിടെ സൈനികശക്തി കടുപ്പിക്കുകയാണ്. ഇതിനിടെ ഇസ്രയേലിന്റെ വ്യോമാക്രമണം യുദ്ധപ്രഖ്യാപനമാണെന്ന് ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറലും പറഞ്ഞു. ഇസ്രായേലിന് കനത്ത തിരിച്ചടി നൽകുമെന്നും ഹിസ്ബുല്ലയുടെ പ്രഖ്യാപനമുണ്ട്.