ബൈറൂത്: ലബനനിൽ 12 പേർ കൊല്ലപ്പെട്ട പേജർ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ആണ് ആക്രമണത്തിന് പിന്നിലെന്ന പരാമർശവുമായി ഹിസ്ബുല്ല രംഗത്ത്. ഗാസക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള ആദ്യ പ്രതികരണത്തിൽ ഇസ്രായേലിനെതിരെയുള്ള പോരാട്ടം തുടരുമെന്നും വിവരിച്ചിട്ടുണ്ട്. ഗാസയെയും അവിടുത്തെ ജനങ്ങളെയും ഇനിയും പിന്തുണയ്ക്കുമെന്നും ക്രിമിനലുകളായ ശത്രുസൈന്യത്തിന്റെ കണക്കുകൂട്ടലുകൾ പോലെയായിരിക്കില്ല കാര്യങ്ങളെന്നും ഹിസ്ബുല്ല പ്രസ്താവനയിൽ പറഞ്ഞു.
പേജർ സ്‌ഫോടനങ്ങൾ തങ്ങൾക്ക് ഇസ്രായേലിനെതിരായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള നിശ്ചയദാർഢ്യം വർധിപ്പിക്കുകയേയുള്ളൂവെന്നും ഹിസ്ബുല്ല അഭിപ്രായപ്പെട്ടു. പേജർ ആക്രമണത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് അഭിനന്ദനങ്ങളും ഊഷ്മളമായ അനുശോചനവും അറിയിക്കുന്നതായും ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു.
തെക്കൻ ബൈറൂത്തിലും ലബനാനിലെ നിരവധി പ്രദേശങ്ങളിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് ഒരേസമയം ‘നിഗൂഢ സ്ഫോടന’ങ്ങളുണ്ടായത്. ലബനാനിലെ ഇറാൻ അംബാസഡർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. കടയിലും റോഡിലും ആശുപത്രിയിലും നിൽക്കുന്നവരുടെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് പേജർ പൊട്ടിത്തെറിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഒരു എട്ടുവയസ്സുകാരി ബാലികയും ഉൾപ്പെടും. 12 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ നിലവിൽ 200 പേരുടെ നില ഗുരുതരമാണ്.