തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ക്രമണത്തിൽ ഹിസ്ബുല്ലയുടെ മുതിർന്ന കമാൻഡർ റദ്വാൻ സേനയിലെ വിസാം അൽ തവിൽ കൊല്ലപ്പെട്ടു. ഇറാൻ്റെ പിന്തുണയുള്ള ഹിസ്ബുല്ല സൈന്യത്തിന്റെ ഉപ മേധാവിയാണ് വിസാം. ലബനിലെ അതിർത്തി ഗ്രാമമായ തവീലിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനം ബോംബിട്ട് തകർക്കുകയായിരുന്നു.
ഇസ്രയേൽ- ഹമാസ് സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് തടയാൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് വീണ്ടുമൊരു പ്രകോപനം.
കഴിഞ്ഞയാഴ്ച ഹമാസിന്റെ ഉപനേതാവ് സാലിഹ് അൽ അറൂരിയെ ലെബനനിലെ ബെയ്റൂട്ടിൽ വച്ച് കൊലപ്പെടുത്തിയത് വൻ ആശങ്കകൾ സൃഷ്ടിച്ചിരുന്നു. അതിനുപിന്നാലെ നിലവിൽ പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷത്തിൽ ഹിസ്ബുല്ലയും ഭാഗമാകുമോ എന്ന ചോദ്യവും ഉയർന്നിരുന്നു. തങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിന് കൃത്യമായ മറുപടി നൽകുമെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചിരുന്നു. ഇതിന്റെ തുടർച്ചയിലാണ് വീണ്ടുമൊരു കൊലപാതകം ഇസ്രയേൽ നടത്തുന്നത്.
അതേസമയസം ഗാസ യുദ്ധത്തിൽ തകർന്നടിയുകയാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം 23084 കവിഞ്ഞു. 59000 പേർക്ക് പരുക്കേറ്റു.
Hezbollah commander killed in Israel at Lebanon