തങ്ങളുടെ മുതിർന്ന കമാൻഡറെ കൊലപ്പെടുത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ സൈനിക സ്ഥാനങ്ങൾ ലക്ഷ്യമിട്ട് 200 ലധികം റോക്കറ്റുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ലെബനനിലെ സായുധ സംഘം ഹിസ്ബുള്ള. ഇസ്രയേൽ പ്രതിരോധസേനയും ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം തെക്കൻ ലെബനനിൽ മുഹമ്മദ് നിമാഹ് നാസറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഇസ്രായേൽ ഗാസയ്‌ക്കെതിരെ യുദ്ധം ആരംഭിച്ചതിന് ശേഷമാണ് ലെബനനിലും പോരാട്ടം ആരംഭിച്ചത്. ഒമ്പത് മാസത്തെ പോരാട്ടത്തിൽ കൊല്ലപ്പെട്ട മൂന്നാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് ഹജ്ജ് അബു നിമ എന്ന് അറിയപ്പെടുന്ന നാസർ. അദ്ദേഹത്തിൻ്റെ മരണമാണ് കടുത്ത നടപടികൾക്ക് ഹിസ്ബുള്ളയെ പ്രേരിപ്പിച്ചത്.
വടക്കൻ ഇസ്രായേലിലെയും അധിനിവേശ സിറിയൻ ഗോലാൻ കുന്നുകളിലെയും നിരവധി സൈനിക താവളങ്ങളിലേക്കാണ് ഡ്രോണുകൾ അയച്ചത്. മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ലെബനൻ-ഇസ്രായേൽ അതിർത്തിയിലെ ഇതുവരെയുള്ള ഏറ്റവും വലിയ ആക്രമണമായിരുന്നു വ്യാഴാഴ്ച നടന്നത്.
ഹിസ്ബുള്ള ആക്രമണത്തെ തുടർന്ന് വടക്കൻ ഇസ്രായേലിൽ 10 കേന്ദ്രങ്ങളിൽ തീപിടിച്ചതായി ഇസ്രായേലി ദിനപത്രമായ യെദിയോട്ട് അഹ്രാനോത്ത് റിപ്പോർട്ട് ചെയ്തു. വ്യോമ പ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ഇതിൽ ഏതാനും റോക്കറ്റുകളും ഡ്രോണുകളും വെടിവച്ചിട്ടതായി ഐ.ഡി.എഫ് അവകാശപ്പെട്ടു. പിന്നാലെ, തെക്കൻ ലബനാനിലെ വിവിധ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി തിരിച്ചടിച്ചതായും ഇസ്രായേൽ അറിയിച്ചു.