ടെൽ അവീവ്: വടക്കൻ ഇസ്രായേൽ ലക്ഷ്യമിട്ട് 65 റോക്കറ്റുകൾ തൊടുത്ത് ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ള. ഇസ്രയേൽ പ്രതിരോധസേനയാണ് റോക്കറ്റുകൾ തൊടുത്ത വിവരം അറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രി 30 റോക്കറ്റുകളാണ് ഇസ്രയേൽ നഗരമായ സഫേദ് ലക്ഷ്യമിട്ട് ഹിസ്ബുള്ള തൊടുത്തത്. റോക്കറ്റ് ആക്രമണത്തിൽ നാശമുണ്ടായിട്ടുണ്ടെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിൽ 68കാരിയായ വയോധികക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഉടൻ തന്നെ ഇവരെ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റി. സഫേദിലെ ഒരു വീട്ടിലേക്ക് റോക്കറ്റ് നേരിട്ട് പതിക്കുകയും ചെയ്തു. ആളുകളെ ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തമുണ്ടായില്ലെന്നാണ് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നത്.
നേരത്തെ ലബനനിലെ ജനവാസകേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരുന്നു. തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇസ്രായേൽ ആക്രമണങ്ങൾ നടത്തുന്നത്. നിലവിൽ ദാഹി ലക്ഷ്യമിട്ടാണ് ഇസ്രായേൽ മുന്നേറുന്നത്. ഇതുവരെ ആക്രമണങ്ങളിൽ 700ലേറെ പേർ മരിച്ചുവെന്നാണ് കണക്കുകൾ. ഇതിൽ 50ലേറെ പേർ കുട്ടികളാണ്. 1835 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററുകളും ആയുധപ്പുരകളും ലക്ഷ്യമിട്ടെന്ന പേരിൽ ജനവാസകേന്ദ്രങ്ങൾക്കും ഫ്ലാറ്റ് സമുച്ചയങ്ങൾക്കും നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. നിലവിൽ ആക്രമണം നടത്തുന്ന സ്ഥലങ്ങളിൽ ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററുകളോ ആയുധപ്പുരകളോ ഉള്ളതിന് തെളിവുകളൊന്നും നൽകാൻ ഇസ്രായേലിന് ആയിട്ടില്ല.