വിമാനത്തിലെ ശുചിമുറിയില്‍ ഒളിക്യാമറ; ഇരയായ 9 വയസുകാരിയെ കുറ്റപ്പെടുത്തി അമേരിക്കന്‍ എയര്‍ലൈന്‍സ്

വാഷിംഗ്ടണ്‍: വിമാനത്തിന്റെ ശുചിമുറിയില്‍ കയറിയ 9 വയസുകാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിയെ കുറ്റപ്പെടുത്തിയ അമേരിക്കന്‍ എയര്‍ലൈന്‍സിന് വ്യാപക വിമര്‍ശനം. സംഭവിച്ചതെല്ലാം ഇരയുടെ തെറ്റാണെന്നും ഇത്തരത്തില്‍ ക്യാമറയോ മറ്റ് ഡിവൈസുകളോ ഉള്ള കാര്യം കുട്ടി അറിഞ്ഞിരിക്കണം എന്നുമായിരുന്നു അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പ്രതികരണം.

കേസുമായി ബന്ധപ്പെട്ട പ്രതികരണം എത്തിയതോടെ അമേരിക്കന്‍ എയര്‍ലൈന്‍സിന് വ്യാപക വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. കമ്പനിക്കും അതിലെ ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനുമെതിരെ ഫയല്‍ ചെയ്ത ഒരു കേസിലാണ് എയര്‍ലൈന്റെ ഭാഗത്തുനിന്നും ഇരയേയും കുടുംബത്തെയും കൂടുതല്‍ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണം ഉണ്ടായത്. മറഞ്ഞിരിക്കുന്ന റെക്കോര്‍ഡിംഗ് ഉപകരണത്തെക്കുറിച്ച് കുട്ടി ‘അറിയണമായിരുന്നു’ എന്ന് നിര്‍ദ്ദേശിച്ച് കമ്പനിയുടെ നിയമ സംഘം കുറ്റം കുട്ടിയുടെ മേല്‍ ചുമത്താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.

പ്രതി, ഏഴുമുതല്‍ 14 വരെ പ്രായമുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് എയര്‍ക്രാഫ്റ്റ് ശുചിമുറികളില്‍ നിന്നും ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് എസ്റ്റെസ് കാര്‍ട്ടര്‍ തോംസനെതിരെ കഴിഞ്ഞ വര്‍ഷം കുറ്റം ചുമത്തി. 2023 ജനുവരിക്കും ഓഗസ്റ്റിനും ഇടയിലാണ് സംഭവങ്ങള്‍ നടന്നത്. ഇതിനെത്തുടര്‍ന്നാണ് 9 വയസ്സുള്ള ഇരയുടെ കുടുംബം തോംസണിനും അമേരിക്കന്‍ എയര്‍ലൈന്‍സിനും എതിരെ കേസ് ഫയല്‍ ചെയ്തത്.