
കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അര്‍ജ്ജുനെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. കേസില്‍ പ്രതി ചേര്‍ത്തിരുന്ന അര്‍ജ്ജുന് ഹൈക്കോടതി നോട്ടീസ് അയച്ചു.
2021 ന് ജൂണ്‍ 30നായിരുന്നു ആറുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അര്‍ജുന്‍ സുന്ദറിനെ അറസ്റ്റ് ചെയ്തത്. കട്ടപ്പന ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിയെ കുറ്റവിമുക്തനാക്കിയത്. തെളിവു ശേഖരണത്തിലടക്കം കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയുണ്ടയെന്ന് ആരോപിച്ചാണ് വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടത്.
കേസിലെ പ്രതി വണ്ടിപ്പെരിയാര്‍ ചുരക്കുളം സ്വദേശി അര്‍ജുന്‍ സുന്ദറിനെ വെറുതേ വിട്ട വിചാരണക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വണ്ടിപ്പെരിയാര്‍ കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എസ്സി, എസ്ടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ എഫ്ഐആറില്‍ ചേര്‍ക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. മതിയായ തെളിവുകള്‍ ഉണ്ടായിട്ടും വിചാരണയില്‍ പ്രതി ശിക്ഷിക്കപ്പെടാത്തതിന് കാരണം പ്രോസിക്യൂഷന്റെ വീഴ്ചയാണെന്ന് കുടുംബം ആരോപിച്ചു. കേസില്‍ പുതിയ പ്രോസിക്യൂട്ടര്‍ വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ച മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.