‘നിങ്ങള്‍ 4 വര്‍ഷമായി ഉറങ്ങുകയായിരുന്നോ?’ രാജ്കോട്ട് ഗെയിം സോണ്‍ അപകടത്തില്‍ ഗുജറാത്ത്‌ സര്‍ക്കാരിന്‌ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഗാന്ധിനഗര്‍: നിങ്ങള്‍ ഉറങ്ങുകയായിരുന്നോ? ഞങ്ങള്‍ക്ക് ഇനി സര്‍ക്കാരില്‍ വിശ്വാസമില്ല’…പറയുന്നത് ഗുജറാത്ത് ഹൈക്കോടതി. പറഞ്ഞത് സംസ്ഥാന സര്‍ക്കാരിനോട്. രാജ്കോട്ട് ഗെയിം സോണിലുണ്ടായ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഈ വാക്കുകള്‍ എത്തിയത്.

രാജ്കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനെ (ആര്‍എംസി) രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി മുന്‍ കോടതി ഉത്തരവുകള്‍ ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് ഇത്തരമൊരു ദുരന്തം സംഭവിക്കുന്നതെന്ന് ചോദിച്ചു. ജസ്റ്റിസ് ബിരേന്‍ വൈഷ്ണവും ജസ്റ്റിസ് ദേവന്‍ ദേശായിയും അടങ്ങുന്ന പ്രത്യേക ബെഞ്ച് സര്‍ക്കാര്‍ സംവിധാനത്തിലുള്ള വിശ്വാസമില്ലായ്മയും തുറന്ന് പ്രകടിപ്പിച്ചു.

രണ്ടര വര്‍ഷമായി ഇതെല്ലാം നടക്കുന്നു, നിങ്ങള്‍ ഉറങ്ങിയോ? അതോ നിങ്ങള്‍ അന്ധനായോ’ എന്ന് ചോദിച്ച കോടതിയോട് ഗെയിമിംഗ് സോണ്‍ അനുമതി ചോദിച്ചിട്ടില്ലെന്ന് ആര്‍എംസി കോടതിയെ അറിയിച്ചപ്പോള്‍, അത് നിങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ‘ഞങ്ങളുടെ ഉത്തരവ് വന്ന് നാല് വര്‍ഷം കഴിഞ്ഞിട്ടും, അഗ്‌നി സുരക്ഷയുടെ കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെങ്കില്‍, പിന്നെ എങ്ങനെയാണ് ആര്‍എംസി ഉത്തരവാദിയാകാത്തത്?’ എന്ന് കോടതി ശകാരിച്ചു.

രാജ്കോട്ടിലെ ഗെയിമിംഗ് സോണിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 32 പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ കോടതിയുടെ പ്രതികരണം ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, രാജ്കോട്ടിലെ ടിആര്‍പി ഗെയിം സോണിലുണ്ടായ തീപിടിത്തത്തിന് കാരണമായത് ഗെയിമിംഗ് സോണിലെ വെല്‍ഡിംഗ് ജോലികള്‍ക്കിടെയില്‍ ഉണ്ടായ തീപ്പൊരിയാകാമെന്നാണ് പോലീസ് പറയുന്നത്.

More Stories from this section

family-dental
witywide