
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയ്ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ആലുവയില്‍ അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്ന് അനധികൃതമായി മദ്യം പിടിച്ചെടുത്തിട്ടും കേസെടുക്കാതിരുന്ന വിഷയത്തിലാണ് ഹൈക്കോടതി ഇടപെടല്‍.
19 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 6.5 ലിറ്റര്‍ ബിയറും ഇവിടെ നിന്നും പിടിച്ചെടുത്തിരുന്നു. എന്നാല്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമാച്ചുകളയുകയായിരുന്നെന്ന മലപ്പുറം സ്വദേശി കെ.വി ഷാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. വിഷയം അടിയന്തരമായി പരിശോധിച്ച് പി.വി അന്‍വറിനെതിരെ നടപടി സ്വീകരിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം.
2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പി.വി അന്‍വറിന്റെ മലേക്കപ്പടിയിലുള്ള കെട്ടിടത്തില്‍ ഡി.ജെ പാര്‍ട്ടി നടക്കുന്ന സമയത്ത് ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പരിശോധന നടത്തിയിരുന്നു.