കൊച്ചി: കോഴിക്കോട് പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസിൽ തുടർ നടപടികൾക്കായി ചീഫ്ജസ്റ്റിസിന്‍റെ അനുമതി തേടി. കേന്ദ്രസർക്കാർ, സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ കേസിൽ എതിർകക്ഷികളാക്കും.
അതേസമയം ജോസഫിന്‍റെ മരണത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. മൃതദേഹുവായി കോൺഗ്രസ് കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധം നടത്തി. ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീൺകുമാറിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിരവധി കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് ചക്കിട്ടപ്പാറ മുതുകാടിൽ ഭിന്നശേഷിക്കാരൻ ജോസഫ് എന്ന 74കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറുമാസം ആയി ഇദ്ദേഹത്തിന് പെൻഷൻ മുടങ്ങിയിരുന്നു. 15 ദിവസത്തിനകം പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ജീവനൊടുക്കുമെന്നുകാണിച്ച് ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞദിവസം കത്ത് നല്‍കിയിരുന്നുവെന്നാണ് വിവരം.
ജോസഫിന്‍റെ ഭാര്യ മരിച്ചിട്ട് ഒരു വർഷത്തോളമായി. മകളെ പിന്നീട് അനാഥാലയത്തിൽ ആക്കുകയായിരുന്നു. തനിക്കും കിടപ്പുരോഗിയും ഭിന്നശേഷിക്കാരിയുമായ മകൾക്കും പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് ജോസഫ് പരാതി നൽകിയിരുന്നു. മന്ത്രി, ജില്ലാ കളക്‌ടർ, പെരുവണ്ണാമുഴി പോലീസ് എസ്‌എച്ച്‌ഒ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് 15 ദിവസത്തിനകം പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് കത്ത് നൽകിയത്.