തിരുവനന്തപുരത്തെ അവസ്ഥ പരിതാപകരം, എല്ലായിടത്തും മാലിന്യമാണ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കൊച്ചി കോർപ്പറേഷൻ മേഖലകളിലെ മാലിന്യ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. തിരുവനന്തപുരത്തിന്റെ അവസ്ഥ പരിതാപകരമാണെന്നും തലസ്ഥാന നഗരം ഇങ്ങനെയല്ല ആവേണ്ടതെന്നും കോടതി പറഞ്ഞു.

ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മാലിന്യനിർമാർജനത്തിന് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തിൽ എല്ലായിടത്തും മാലിന്യമാണെന്ന് ഹൈക്കോടതി വിമർശനമുന്നയിച്ചു. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ആഗസ്റ്റ് അവസാനത്തോടെ ആമയിഴഞ്ചാൻ തോട് പൂർണ്ണമായും വൃത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴയടക്കമുളള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആമയിഴഞ്ചാൻ തോട് പൂർണമായി ക്ലീൻ ചെയ്യുന്നതിനുളള പദ്ധതി ഇറിഗേഷൻ ഡിപ്പാ‍ർട്മെന്‍റ് തയാറാക്കിവരികയാണ്. ഇക്കാര്യം റെയിൽവേയുമായി സംസാരിച്ചിട്ടുണ്ട്. യന്ത്രസഹായത്തോടെയേ അവരുടെ ഭാഗത്തെ മാലിന്യം നീക്കാനാകൂ. ഇതിനായുള്ള ഔദ്യോഗിക നടപടികൾ തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ റെയിൽവേയുടെ ഭാഗത്തെയും ആമയിഴഞ്ചാൻ തോട് മൊത്തമായും ക്ലീൻ ആകുമെന്ന് തദ്ദേശ സെക്രട്ടറി ഉറപ്പ് പറഞ്ഞു. എന്നാൽ ഉറപ്പ് രേഖാമൂലം വേണമെന്ന് കോടതി ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide