‘മതവികാരം വ്രണപ്പെടുത്തി’, അമേരിക്കൻ കമ്പനിയുടെ സംശയകരമായ സര്‍വേയിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കേരള ഹൈക്കോടതി

കൊച്ചി: അമേരിക്കൻ കമ്പനി നടത്തിയ സർവേ സംശയാപ്ദമാണെന്നും കേന്ദ്രം അന്വേഷിക്കണമെന്നും ഹൈക്കോടതി. രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയുയർത്തുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി അമേരിക്കൻ കമ്പനി തിരുവനന്തപുരം ഉള്‍പ്പെടെ 54 ഇന്ത്യൻ നഗരങ്ങളില്‍ നടത്തിയ സർവേയാണ് സംശയാപ്ദമായത്. 2010-ലാണ് പ്രസ്തുത സർവേ നടന്നത്.

സംഭവത്തിൽ കേരള പോലീസിന്റെ അന്വേഷണം പര്യാപ്തമല്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവിൽ പറയുന്നു. വാഷിങ്ടണ്‍ ഡി.സി.യില്‍ പ്രവർത്തിക്കുന്ന പ്രിൻസ്റ്റണ്‍ സർവേ റിസർച്ച്‌ അസോസിയേറ്റ്‌സ് (പി.എസ്.ആർ.എ.) എന്ന സ്ഥാപനത്തിനായി ഹൈദരാബാദില്‍ പ്രവർത്തിക്കുന്ന ടെയ്‌ലർ നെല്‍സണ്‍ സോഫ്രെസ് (ടി.എൻ.എസ്.) ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് സർവേ നടത്തിയത്.

സർവേയിലെ ചോദ്യങ്ങള്‍ മുസ്‌ലിം മതവിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്നു കണ്ടെത്തി ടി.എൻ.എസ്. കമ്പനിയുടെയും ഡയറക്ടർ പ്രദീപ് സക്സേനയുടെയും പേരില്‍ ഫോർട്ട് പോലീസ് കേസെടുത്തു.

ഇസ്‌ലാം നേരിടുന്ന വെല്ലുവിളിയെന്ത്, ഇസ്‌ലാം മതവിശ്വാസത്തെ സംരക്ഷിക്കുന്നതിനായി ബോംബ് സ്‌ഫോടനമടക്കം നടത്തുന്നതിനെ ന്യായീകരിക്കുന്നുണ്ടോ, നല്ല മുസ്‌ലിം ആയിരിക്കുന്നതിന്റെ പ്രാധാന്യം എന്ത് തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ങളാണ് സർവേയിൽ ഉണ്ടായിരുന്നത്. ‘ഗ്രീൻ വേവ് 12’ എന്ന പേരില്‍ ഇന്ത്യക്കുപുറമേ ഇൻഡൊനീഷ്യ, തായലാൻഡ്, മലേഷ്യ തുടങ്ങിയ 20 രാജ്യങ്ങളിലാണ് സർവേ നടത്തിയത്.

high court ordered center investigation on US company controversial survey