കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടു നല്‍കാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. മതാചാര പ്രകാരം സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട് മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹര്‍ജിയും ഇതേ ആവശ്യത്തില്‍ മറ്റൊരു മകള്‍ സുജാത ബോബന്‍ നല്‍കിയ ഹര്‍ജിയും ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് തള്ളി.
ഹര്‍ജി തള്ളിയതോടെ സുപ്രീം കോടതിയെ സമീപിക്കാന്‍ സാവകാശം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഈ വിഷയത്തില്‍ നിയമപ്രശ്‌നങ്ങള്‍ കുറെ ആയെന്നും ഇനിയെങ്കിലും ഇതിന് ഒരു അവസാനമുണ്ടാകണമെന്നും പറഞ്ഞ കോടതി വിധി നടപ്പാക്കുന്നതിന് സ്റ്റേ വേണമെന്ന് ആവശ്യപ്പെടാമെങ്കിലും അത് അനുവദിക്കില്ലെന്നും വ്യക്തമാക്കി.
സെപ്റ്റംബര്‍ 21ന് അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവിന്റെ മൃതദേഹം മൂന്നുമാസത്തോളമായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.