ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാരിന് തിരിച്ചടി; റിപ്പോർട്ട് എസ്ഐടിക്ക് കൈമാറണം, ഹൈക്കോടതി ഇടപെടൽ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറാൻ ഹൈക്കോടതി ഉത്തരവ്. റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്നും കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകി. അന്വേഷണ സംഘം റിപ്പോർട്ട് വിശദമായി പഠിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ കഴിയുമോയെന്ന കാര്യം കോടതിയെ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സർക്കാർ മറുപടി നൽകിയത്. ജസ്റ്റിസുമാരായ എ.കെ. ജയശങ്കർ നമ്പ്യാരും സി.എസ്. സുധയും ചേർന്ന രണ്ടം​ഗ ഡിവിഷൻ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്.

റിപ്പോര്‍ട്ടിന്റെ പൂർണരൂപവും അനുബന്ധ രേഖകളും മൊഴിപ്പകർപ്പുകളും സര്‍ക്കാര്‍ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. റിപ്പോർട്ട് പരിശോധിച്ച് എസ്ഐടി സത്യവാങ്മൂലം നൽകണം എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ലൈംഗിക അതിക്രമക്കുറ്റം ഉള്‍പ്പടെയുള്ളവ പരിശോധിക്കണം. നടപടിയെടുക്കുന്നതില്‍ എസ്‌ഐടി തീരുമാനമെടുക്കണം. എന്ത് ചെയ്യാനാകുമെന്ന് എസ്‌ഐടി പരിശോധിക്കണം. എല്ലാവരുടെയും സ്വകാര്യത എസ്‌ഐടി മനസില്‍ സൂക്ഷിക്കണം. എസ്‌ഐടി വാര്‍ത്താ സമ്മേളനം നടത്തരുതെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

മാധ്യമങ്ങൾക്ക് തടയിടണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അം​ഗീകരിച്ചില്ല. മാധ്യമങ്ങൾക്ക് തടയിടില്ലെന്നും എന്നാൽ അന്വേഷണ സംഘത്തിന് മേൽ മാധ്യമങ്ങൾ സമ്മർദ്ദം ചെലുത്തരുതെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾ മൈനോറിറ്റിയല്ല മെജോറിറ്റിയാണെന്നും കോടതി പറഞ്ഞു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടായാൽ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കാം. എന്നാൽ റിപ്പോർട്ടിന്മേൽ യാതൊരു നടപടിയും സ്വീകരിക്കാതെ അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. തുടർന്ന് അന്വേഷണ സംഘത്തിന് മുന്നിൽ വന്ന കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പകരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ എന്ത് ചെയ്യാൻ കഴിയുമെന്ന കാര്യം വിശദമായി പഠിച്ച് അറിയിക്കാനാണ് അന്വേഷണ സംഘത്തിന് കോടതി നിർദേശം നൽകിയിരിക്കുന്നത്.

More Stories from this section

family-dental
witywide