കാലിക്കറ്റ് വിസിയുടെ നിയമനം അസാധുവാക്കിയ ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ.എം.കെ.ജയരാജനെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. ഡോ.എം.കെ.ജയരാജന് വിസി സ്ഥാനത്ത് തുടരാമെന്ന് കോടതി അറിയിച്ചു. അതേസമയം കാലടി വിസി ഡോ.എം.വി.നാരായണനെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടില്ല.

ഡോ.എം.കെ.ജയരാജന്‍, ഡോ.എം.വി.നാരായണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഇടക്കാല ഉത്തരവ്. ഇരു വിസികളുടെയും നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചാന്‍സലറായ ഗവര്‍ണര്‍ നിയമനം അസാധുവാക്കിയത്.

നിയമനം യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടു വിസിമാരെയും പുറത്താക്കിയത്. സാങ്കേതിക സർവകലാശാലാ വി സി ഡോ.രാജശ്രീയെ പുറത്താക്കിയ നടപടി ശരിവച്ച സുപ്രീം കോടതി ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു ഗവർണറുടെ നടപടി. തുടർന്ന് ഡോ. എം വി നാരായണൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ചാൻ‍സലറുടെയും യുജിസിയുടെയും വാദങ്ങൾ ശരിവച്ചുകൊണ്ട് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു.

കാലടി സംസ്കൃത സര്‍വകലാശാല വിസി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ വ്യക്തി ഡോ.എം.വി.നാരായണനെന്ന് കണ്ടതുകൊണ്ടാണ് സെര്‍ച്ച് കമ്മിറ്റി അദ്ദേഹത്തിന്റെ പേര് മാത്രം നിര്‍ദേശിച്ചതെന്നായിരുന്നു അഭിഭാഷകന്‍റെ വാദം. യുജിസി ചട്ടങ്ങളുടെ ലംഘനമാണ് വിഷയമെന്നും സെര്‍ച്ച് കമ്മിറ്റിയില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുടെ പേര് നിര്‍ദേശിക്കണമായിരുന്നു എന്നും കോടതി അറിയിച്ചു.

More Stories from this section

family-dental
witywide