കൊച്ചി: ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്റെ ഉള്ളടക്കം പരിശോധിക്കണമെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. സംപ്രേക്ഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിനാണ് കോടതിയുടെ നിർദേശം. ചട്ടലംഘനമുണ്ടെങ്കിൽ ഷോ നിർത്തിവെക്കാൻ കേന്ദ്രത്തിന് നിർദേശിക്കാമെന്നും കോടതി വ്യക്തമാക്കി.
എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹരജിയാണ് ഹൈകോടതി പരിഗണിച്ചത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഷോയിൽ ശാരീരിക ആക്രമണങ്ങൾ അടക്കം നടക്കുന്നുണ്ടെന്നും ഇത് ചട്ടലംഘനമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
അടുത്തിടെ റോക്കി എന്ന മത്സരാർത്ഥി സിജോ എന്ന സഹമത്സരാർത്ഥിക്കെതിരെ കയ്യേറ്റം നടത്തിയത് വിവാദമായിരുന്നു. ഇതേ തുടർന്ന് റോക്കിയെ മത്സരത്തിൽ നിന്ന് പുറത്താക്കുകയും സിജോ ചികിത്സയ്ക്കായി പുറത്തു പോകുകയും ചെയ്തു.