തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് മഞ്ഞ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.
പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഏപ്രില്‍ 20 മുതല്‍ 24 വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും. ആലപ്പുഴയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരും.
കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടില്‍ വര്‍ധനവുണ്ടാകുക.
ഇത്തവണ എല്ലാ ജില്ലകളിലും മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ ചൂടാണ് അനുഭവപ്പെടുന്നത്. നേരത്തെ എല്‍നിനോ പ്രതിഭാസം കാരണം ഈ വര്‍ഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തവണ വേനലിലെ ചൂട് ഫെബ്രുവരിയില്‍ തന്നെ തുടങ്ങി. മിക്ക ജില്ലകളിലും ശരാശരി 30 ഡിഗ്രിക്ക് മുകളിലാണ് പകല്‍ സമയത്തെ ശരാശരി താപനില.
അതേസമയം, കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യത ഉണ്ടെന്ന പ്രവചനം ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ മഴ പ്രവചനം പോലെ ഇന്നത്തേതും കാറ്റില്‍പ്പറക്കുമോ എന്ന് കണ്ടറിയണം. മഴമുന്നറിയിപ്പുകള്‍ പലതും ഫലിക്കാതെ പോകുന്നത് കടുത്ത ചൂടിലേക്കും ആളുകളെ മാനസിക സംഘര്‍ഷത്തിലേക്കും നയിക്കുന്നുണ്ട്.