ഇന്നും രക്ഷയില്ല, ചൂട് തന്നെ; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വീണ്ടും കനക്കുന്നു. സാധാരണയേക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുള്ളത്. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ജാഗ്രതയുടെ ഭാഗമായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പാലക്കാട് ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസും കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസും കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ഇന്നും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയുമാണ് പ്രവചിച്ചിരിക്കുന്നത്. പകല്‍ 12 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം, സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിര്‍ദേശം നല്‍കി.

ദാഹമില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. വയോജനങ്ങളോടും കുട്ടികളോടും കിടപ്പുരോഗികളോടും പ്രത്യേക കരുതല്‍ ഉണ്ടാകണം. നിര്‍ജ്ജലീകരണം തടയാന്‍ ഇവര്‍ വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

More Stories from this section

family-dental
witywide