ആലപ്പുഴ: മുഖ്യമന്ത്രി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ക്ഷേത്രത്തില്‍ ഫ്‌ളക്സ് അടിച്ചുവെച്ചതിനെതിരെ കോടതി. ആലപ്പുഴ തുറവൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഫ്‌ളക്സ് ബോര്‍ഡ് വച്ചതിനെതിരെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
ഭഗവാനെ കാണാനാണ് ഭക്തര്‍ ക്ഷേത്രത്തില്‍ വരുന്നത്. അല്ലാതെ മുഖ്യമന്ത്രിക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും അഭിവാദ്യമര്‍പ്പിച്ച ഫ്‌ളക്സ് കാണാനല്ലെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ ഫ്‌ളക്സ് എന്തുകൊണ്ട് അവിടെ നിന്ന് എടുത്തുമാറ്റിയില്ലെന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍ ചോദിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറഞ്ഞു.
മാത്രമല്ല, ശബരിമല ഇടത്താവളമായ തുറവൂര്‍ ക്ഷേത്രത്തില്‍ ഇത്തരത്തില്‍ ഫ്‌ളക്സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ലെന്നും ഫ്‌ളക്സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാല്‍ അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുമെന്നും കോടതി പറഞ്ഞു.