1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പ്: ഉടമ കെ.ഡി പ്രതാപനെ അറസ്റ്റ് ചെയ്ത് ഇ.ഡി

കൊച്ചി: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ ഉടമ കെ.ഡി. പ്രതാപനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്. വ്യാഴാഴ്ച രാത്രിയാണ് പ്രതാപന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കെ.ഡി. പ്രതാപനെയും ഭാര്യ ശ്രീനയെയും ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു.

വെള്ളിയാഴ്ച പ്രതാപനെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. തുടർച്ചയായ ചോദ്യം ചെയ്യലുകൾക്കൊടുവിൽ അന്വേഷണവുമായി പ്രതാപൻ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും.

അറസ്റ്റിന് പുറമെ, കേസിൽ 260 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. അന്വേഷണ ഭാഗമായി ഇ.ഡി കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ 14 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും പ്രമോട്ടേഴ്സ്, കുടുംബാംഗങ്ങൾ എന്നിവരുടെ അക്കൗണ്ടുകളിലും ഉണ്ടായിരുന്ന 32 കോടിയും മരവിപ്പിച്ചു. ഇതോടൊപ്പം 70 ലക്ഷം രൂപയുടെ കറൻസികൾ, നാല് കാറുകൾ, പ്രമോട്ടർമാരുടെയും കമ്പനി നടത്തിപ്പുകാരുടെയും 15 കോടിയുടെ വസ്തുവകകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

ഹൈറിച്ച് കമ്പനി ഉടമകള്‍ 1.63 ലക്ഷം നിക്ഷേപകരിൽ നിന്നായി 1630 കോടി തട്ടിയെന്നാണ് കേസ്. എഴുപതോളം കടലാസ് കമ്പനികൾ നടത്തിയെന്നും ഇതിൽ 14 കമ്പനികൾ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ക്രിപ്റ്റോ കറൻസി ഇടപാടുകളടക്കം വാഗ്ദാനം ചെയ്തു പണം തട്ടിയെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.

More Stories from this section

family-dental
witywide