കാലിഫോർണിയ സ്വദേശി ഹൈക്കിങ്ങിനിടെ വഴി തെറ്റിപ്പോയതിനെത്തുടർന്ന് പത്ത് ദിവസം മലകളിൽ ഒറ്റപ്പെട്ടു. വെള്ളം മാത്രം കുടിച്ചാണ് ഈ ദിവസങ്ങളത്രയും ഇദ്ദേഹം ജീവൻ നിലനിർത്തിയത്.
34 കാരനായ ലൂക്കാസ് മക്‌ക്ലിഷ് ആണ് ജൂൺ 11 ന് സാന്താക്രൂസ് പർവതനിരകളിൽ മൂന്ന് മണിക്കൂർ ഹൈക്കിങ്ങിനായി പോയത്. എന്നാൽ സമീപകാലങ്ങളിലായി ഈ പ്രദേശങ്ങളിൽ കാട്ടുതീ ബാധിച്ചതിനെ തുടർന്ന് പ്രാദേശിക ലാൻഡ്‌മാർക്കുകൾ ഭാഗികമായി നശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലൂക്കാസ് പർവതനിരകളിൽ വഴിതെറ്റി അകപ്പെട്ടു പോയത്.
ജൂൺ 16-ന് നടന്ന ഫാദേഴ്‌സ് ഡേ ഡിന്നറിന് ലൂക്കാസ് എത്താതായപ്പോഴാണ് അദ്ദേഹത്തെ കാണാനില്ലെന്ന വിവരം കുടുംബം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചത്.
കാലിഫോർണിയയിലെ ഏറ്റവും പഴക്കമുള്ള സ്റ്റേറ്റ് പാർക്കും പുരാതന കോസ്റ്റ് റെഡ്‌വുഡിൻ്റെ ആസ്ഥാനവുമായ ബിഗ് ബേസിൻ റെഡ്‌വുഡ്‌സ് സ്റ്റേറ്റ് പാർക്കിൽ മരങ്ങൾക്കിടയിലാണ് മക്‌ക്ലിഷിനെ കണ്ടെത്തിയത്. സാന്താക്രൂസ് ഷെരീഫിൻ്റെ ഓഫീസിൽ നിന്നുള്ള ഡ്രോൺ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണ് ഇത് സംഭവിച്ചത്.
“ആരോ സഹായത്തിനായി നിലവിളിക്കുന്നത് സാക്ഷികൾ കേട്ടതായി ഒന്നിലധികം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ കൃത്യമായി എവിടെ നിന്നാണ് കരച്ചിൽ കേൾക്കുന്നതെന്ന് കണ്ടുപിടിക്കാൻ പ്രയാസമായിരുന്നു,” അധികൃതർ പറഞ്ഞു.
മക്‌ക്ലിഷിന് കാര്യമായ പരുക്കുകളൊന്നുമില്ലെന്ന് സാന്താക്രൂസ് ഷെരീഫിൻ്റെ ഓഫീസ് വ്യക്തമാക്കി. ഹൈക്കിങ്ങിന് പോകുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാത്രമായിരുന്നു ഈ ദിവസങ്ങളിലത്രയും അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നത്. “ഞാൻ ഒരു ജോടി പാൻ്റും ഒരു ജോഡി ഹൈക്കിംഗ് ഷൂസും ഒരു തൊപ്പിയും മാത്രമേ കരുതിയിരുന്നുള്ളൂ,” മക്‌ക്ലിഷ് പറഞ്ഞു.
പാർക്കിലൂടെ ഓരോ ദിവസവും കാൽനടയാത്ര നടത്തുമ്പോൾ കണ്ടെത്തിയ അരുവികളിൽ നിന്നും വെള്ളച്ചാട്ടങ്ങളിൽ നിന്നും ധാരാളം വെള്ളം കുടിച്ചതാണ് തൻ്റെ നിലനിൽപ്പിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.