ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ മേഘവിസ്‌ഫോടനത്തില്‍ ഇരുപതോളം പേരെ കാണാതായതായി റിപ്പോര്‍ട്ട്. രാംപൂരില്‍ സമേജ് ഖാദിലെ ജലവൈദ്യുത പദ്ധതിക്ക് സമീപം മേഘവിസ്‌ഫോടനം ഉണ്ടായതായി ദുരന്ത നിവാരണ അതോറിറ്റിക്ക് ഇന്ന് പുലര്‍ച്ചെയാണ് വിവരം ലഭിച്ചത്. ദുരന്ത നിവാരണ സേന സംഭവസ്ഥലത്തെത്തിയിട്ടുണ്ട്, ഡെപ്യൂട്ടി കമ്മീഷണര്‍ അനുപം കശ്യപും ജില്ലാ പൊലീസ് മേധാവി സഞ്ജീവ് ഗാന്ധിയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും.
മേഘവിസ്‌ഫോടനത്തില്‍ പ്രദേശത്തെ റോഡ് തകര്‍ന്നതിനാല്‍ ദുരിതബാധിതരിലേക്കെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുന്നുണ്ട്. ഷിംലയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ ഹിമാചല്‍ പ്രദേശിലെ മണ്ഡിയിലും മേഘവിസ്‌ഫോടനം ഉണ്ടായി. മണ്ഡിയിലെ മുഹല്‍ തെരാംഗിന് സമീപമുള്ള രാജ്ബാന്‍ ഗ്രാമത്തിലുണ്ടായ മേഘവിസ്‌ഫോടനം റോഡ് തടസത്തിനും മണ്ണിടിച്ചിലിനും കാരണമായി.
അയല്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലും കനത്തമഴ ജനജീവിതത്തെ ബാധിച്ചു. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ ജഖനിയാലിയില്‍ മേഘസ്ഫോടനത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹരിദ്വാറില്‍ കനത്ത മഴയെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.