
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശര്‍മ്മയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുവാഹത്തിയില്‍ പോലീസുമായി ഏറ്റുമുട്ടിയതിന് രാഹുലിനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
‘അദ്ദേഹം രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ്. മാധ്യമങ്ങള്‍ നിങ്ങളോട് പറയുന്നതെന്തും അസം മുഖ്യമന്ത്രി അവരെ അറിയിച്ചതാണ്’, അസം മുഖ്യമന്ത്രിയുടെ നിയന്ത്രണം അമിത് ഷായുടെ കൈയിലാണ്, അമിത് ഷായ്ക്കെതിരെ എന്തെങ്കിലും പറയാന്‍ അദ്ദേഹം തുനിഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടും,- അസമിലെ ബാര്‍പേട്ടയില്‍ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയിലാണ് രാഹുല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
ജനുവരി 14ന് മണിപ്പൂരിലെ തൗബാലില്‍ നിന്നാരംഭിച്ച യാത്ര ഇന്ന് പതിനൊന്നാം ദിനത്തിലേക്ക് എത്തിയിരിക്കുകയാണ്. അസമിലെ ബാര്‍പേട്ടയില്‍ നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് പുനരാരംഭിച്ചത്.
‘ഭാരത് ജോഡോ ന്യായ് യാത്ര’ ഗുവാഹത്തിയില്‍ പ്രധാന വഴികളിലൂടെ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ചതിനെച്ചൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസുകാരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാഹുലിനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി അസം മുഖ്യമന്ത്രി ചൊവ്വാഴ്ച പറഞ്ഞിരുന്നു. അക്രമം, പ്രകോപനം, പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസുകാര്‍ക്ക് നേരെയുള്ള ആക്രമണം എന്നിവ ഉള്‍പ്പെടുത്തിയാണ് പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്.