
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും സഹോദരി പ്രിയങ്ക ഗാന്ധിയേയും കടന്നാക്രമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ‘അമൂല്‍ കുഞ്ഞുങ്ങള്‍’ എന്നാണ് ഹിമന്ത ബിശ്വ ശര്‍മ്മ പരിഹസിച്ചത്.
മാത്രമല്ല, അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സഹോദരങ്ങളെ കാണുന്നതിനേക്കാള്‍ ‘കാസിരംഗയിലെ കടുവകളെയും കാണ്ടാമൃഗങ്ങളെയും’ കാണാനാണ് സംസ്ഥാനത്തെ ആളുകള്‍ ഇഷ്ടപ്പെടുന്നതെന്നും കടന്നാക്രമിച്ചാണ് ഹിമന്തയുടെ വാക്കുകള്‍ എത്തിയത്. ”ഗാന്ധി കുടുംബത്തിലെ അമുല്‍ കുഞ്ഞുങ്ങളെ കാണാന്‍ അസമിലെ ജനങ്ങള്‍ എന്തിനാണ് പോകുന്നത്? അവര്‍ കാസിരംഗയില്‍ പോയി കടുവകളെയും കാണ്ടാമൃഗങ്ങളെയും നോക്കുന്നതാണ് നല്ലത്”. ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇരുവരെയും വ്യക്തിപരമായി കടന്നാക്രമിച്ചത്.
പ്രിയങ്കയും രാഹുലും അമൂല്‍ കുഞ്ഞുങ്ങള്‍’ ആണെന്ന് പറഞ്ഞ ഹിമന്ത, ഗാന്ധി കുടുംബത്തെ കണ്ടിട്ട് എന്തെങ്കിലും നേട്ടമുണ്ടോ എന്നും ചോദിച്ചു. അവര്‍ ഒരു അമുല്‍ കാമ്പെയ്നിന് മാത്രം അനുയോജ്യമാണെന്ന് തോന്നുന്നുവെന്നും ഒരു അമുല്‍ കുഞ്ഞിനെ കാണാന്‍ പോകുന്നതിനുപകരം ഒരു കാണ്ടാമൃഗത്തെ കാണാന്‍ പോകുക, അത് കൂടുതല്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.