ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധവി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്റെ രഹസ്യ വിദേശ കമ്പനികളിൽ (ഷെല്‍ കമ്പനികള്‍) നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് ആസ്ഥാനമായ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. ഇതാണ് അദാനിക്കെതിരായ അന്വേഷണം വഴിമുട്ടാൻ കാരണമെന്നും ഹിൻഡൻബർഗ് ആരോപിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരം പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
2023 ജനുവരിയിൽ, അദാനി എൻ്റർപ്രൈസസ് ഓഹരി വിൽപ്പന ആരംഭിക്കാൻ പദ്ധതിയിടുന്നതിന് തൊട്ടുമുമ്പ്, ഹിൻഡൻബർഗ് കമ്പനിക്കെതിരെ രൂക്ഷമായ വിമർശനൾ ഉൾപ്പെടുന്ന റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. ഈ റിപ്പോർട്ടിൽ, വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ശനിയാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് മാധവി ബുച്ചും ഭർത്താവും നിക്ഷേപിച്ചത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം.
2017ലാണ് മാധബി ബുച്ച് സെബി മുഴുവൻസമയ അംഗമായത്. 2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു.
കഴിഞ്ഞ ജനിവരിയിൽ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ടിന്റെ പ്രത്യാഘാതം ഗുരുതരമായിരുന്നു. അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ വൻതോതിൽ മൂല്യത്തകർച്ച നേരിട്ടു, വിപണി മൂലധനം ഏകദേശം 86 ബില്യൺ ഡോളർ കുറഞ്ഞു. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വം കാണിച്ചുവെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നുമായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. രണ്ട് വര്‍ഷത്തെ അന്വേഷണത്തിലൂടെയാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ അവകാശവാദം. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 46,000 കോടി രൂപയുടെ ഇടിവാണ് അദാനി നേരിട്ടത്.