
ന്യൂഡഡൽഹി: അദാനി ഗ്രൂപ്പിന്‍റെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്തു വന്നിട്ടും സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് രാജിവെക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദിയെന്നും രാഹുൽ ചോദിച്ചു.
എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ചോദ്യങ്ങളുന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ കടന്നാക്രമിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാർലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടതെന്ന് വ്യക്തമായെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. പുതിയ സാഹചര്യത്തിൽ വിഷയം സുപ്രീംകോടതി സ്വമേധയാ പരിശോധിക്കുമോ എന്നും രാഹുൽ ചോദിച്ചു.
“ചെറുകിട നിക്ഷേപകര്‍ക്കും സത്യസന്ധരായ നിക്ഷേപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മൂന്ന് ചോദ്യങ്ങളാണുള്ളത്. ഒന്ന്, എന്തുകൊണ്ടാണ് സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുച്ച് രാജിവെക്കാത്തത്? രണ്ട്, നിക്ഷേപകര്‍ക്ക് പണം നഷ്ടമായാല്‍ അതിന് ആരാണ് ഉത്തരവാദി? ഇന്ത്യയുടെ പ്രധാനമന്ത്രിയാണോ? മാധവി ബുച്ച് ആണോ? മിസ്റ്റര്‍ അദാനിയാണോ? അവസാനത്തെ ചോദ്യം, പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി വീണ്ടും സ്വമേധയാ ഈ വിഷയത്തില്‍ ഇടപെടുമോ? എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജെ.പി.സി. അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമായി,”രാഹുല്‍ ഗാന്ധി പറഞ്ഞു.