വലുതെന്തോ വരാനിരിക്കുന്നു!; ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരം ഉടന്‍ പുറത്തുവിടുമെന്ന് ഹിന്‍ഡന്‍ബര്‍ഗ്

ന്യൂഡല്‍ഹി: ഇന്ത്യയെ സംബന്ധിച്ച് വലിയ ഒരു വിവരം പുറത്തു വിടുമെന്ന് യുഎസ് ആസ്ഥാനമായ ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്തിനെക്കുറിച്ചുള്ള വിവരമാണ് പുറത്തുവിടാന്‍ പോകുന്നതെന്ന് സംബന്ധിച്ച് സൂചനയൊന്നുമില്ല. നേരത്തെ പുറത്തുവിട്ട അദാനിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് വലിയ ചര്‍ച്ച ആയിരുന്നു.

2023 ജനുവരിയിൽ, അദാനി എൻ്റർപ്രൈസസ് ഓഹരി വിൽപ്പന ആരംഭിക്കാൻ പദ്ധതിയിടുന്നതിന് തൊട്ടുമുമ്പ്, ഹിൻഡൻബർഗ് കമ്പനിക്കെതിരെ രൂക്ഷമായ വിമർശനൾ ഉൾപ്പെടുന്ന റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.

ആ റിപ്പോർട്ടിന്റെ പ്രത്യാഘാതം ഗുരുതരമായിരുന്നു. അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾ വൻതോതിൽ മൂല്യത്തകർച്ച നേരിട്ടു, വിപണി മൂലധനം ഏകദേശം 86 ബില്യൺ ഡോളർ കുറഞ്ഞു. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വം കാണിച്ചുവെന്നും അക്കൗണ്ട് തിരിമറികള്‍ നടത്തിയെന്നുമായിരുന്നു റിപ്പോർട്ടിന്റെ ഉള്ളടക്കം. രണ്ട് വര്‍ഷത്തെ അന്വേഷണത്തിലൂടെയാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ അവകാശവാദം. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ 46,000 കോടി രൂപയുടെ ഇടിവാണ് അദാനി നേരിട്ടത്.