തൃശൂർ: ക്ഷേത്രത്തിലെ വെളിച്ചപ്പാട് അരമണി ധരിക്കുന്നില്ലെന്ന ആരോപണവുമായി ഹിന്ദു ഐക്യവേദി രംഗത്ത്. തൃശൂർ ചേലക്കര അന്തിമഹാകാളൻ കാവ് ക്ഷേത്രത്തിലെ വെളിച്ചപ്പാടാണ് അരമണി ധരിക്കുന്നില്ലെന്ന് ആരോപണമുയർന്നത്. മൂർത്തിയുടെ പ്രതിരൂപമായ കോമരം വേലയുടെ ഭാഗമായി ദേശപ്പറ സ്വീകരിക്കാൻ വീടുകളിൽ എത്തുമ്പോൾ അരമണി ധരിക്കുന്നില്ലെന്നാണ് ആരോപണം. ദേവസ്വരൂപം പൂർണ്ണമാകണമെങ്കിൽ അരമണി, വാൾ, ചിലമ്പ്, പട്ട് എന്നിവവേണമെന്നും ഇക്കാര്യം ക്ഷേത്രം തന്ത്രിയും നിർദ്ദേശിച്ചിരുന്നുവെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു.
വെളിച്ചപ്പാടിന്റെ പ്രവൃത്തിയിൽ ഭക്തരുടെ പരാതി കോടതി വരെ എത്തിയിരുന്നു. തുടർന്ന് നടത്തിയ പ്രശ്നം വെപ്പിലും അരമണിയുടെ പ്രധാന്യം വെളിപ്പെട്ടിരുന്നു. എന്നാൽ അരമണി ധരിക്കാൻ ദേവസ്വം കോമരത്തോട് ആവശ്യപ്പെട്ടില്ലെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. എന്നാൽ വെളിച്ചപ്പാടിന് അരമണി ധരിക്കാൻ രോഗാവസ്ഥ കാരണം കഴിയാത്തതാണ് പ്രശ്നമെന്ന് പ്രതികരിച്ചു. തൂക്കമുള്ള അരമണിയാണ് ധരിക്കേണ്ടതെന്നും വിശദീകരണമുണ്ടായി. ശാരീരിക ബുദ്ധിമുട്ടുണ്ടെങ്കിൽ ഭാരം കുറഞ്ഞ അരമണിയെങ്കിലും ധരിച്ച് വീടുകളിൽ എത്തേണമെന്ന് ഹിന്ദു ഐക്യവേദി അറിയിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ എൻ സുകുമാരൻ , ട്രഷറർ രവീന്ദ്രൻ വില്ലടത്ത് , തലപ്പിള്ളി താലൂക്ക് സംഘടന സെക്രട്ടറി എം ജി സതീഷ് ആചാര്യ , രവി പൂവ്വത്തിങ്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Hindu aikyavedi alleges velichapadu won’t wear ritual ornament