രജിസ്ട്രേഷൻ മാത്രം പോര, ചടങ്ങുകളും നടത്തണം; അല്ലെങ്കിൽ ഹിന്ദുനിയമപ്രകാരം വിവാഹത്തിന് സാധുതയില്ലെന്ന് കോടതി

ദില്ലി ഹിന്ദു വിവാഹങ്ങള്‍ ആചാരപരമായ ചടങ്ങുകളോടെ നടത്തിയില്ലെങ്കില്‍ നിയമപരമായ സാധുതയുണ്ടാകില്ലെന്ന് സുപ്രീം കോടതി. ഹിന്ദു വിവാഹം സംസ്‌കാരത്തിന്റെ ഭാഗമാണെന്നും 1955-ലെ ഹിന്ദു വിവാഹ നിയമ പ്രകാരം, ആചാരപരമായ ചടങ്ങുകളില്ലാതെ നടത്തുന്ന വിവാഹം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

രജിസ്ട്രേഷൻ മാത്രം മതിയാകില്ലെന്നും കോടതി പറഞ്ഞു. വിവാഹം പാട്ടും നൃത്തവും വിരുന്നും സ്ത്രീധന കൈമാറ്റവും മാത്രമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹിന്ദു വിവാഹം കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും സാഹോദര്യം ദൃഢമാക്കുകയും ചെയ്യുന്നു. രണ്ട് വ്യക്തികള്‍ തമ്മിലുള്ള പരസ്പര ബന്ധത്തിന് അത് മാന്യതയും ഐക്യവും നല്‍കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ബിഹാറിലെ മുസാഫര്‍പൂരിലെ കോടതിയില്‍നിന്ന് വിവാഹമോചന ഹര്‍ജി ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ പറഞ്ഞത്. പൈലറ്റുമാരായ ദമ്പതികള്‍ വിവാഹമോചനത്തിനായി പിന്‍വലിക്കാന്‍ സംയുക്ത അപേക്ഷ നല്‍കിയിരുന്നു. 2021 മാര്‍ച്ച് ഏഴിന് വിവാഹം നിശ്ചയം കഴിഞ്ഞ ഇവര്‍ പിന്നീട് രജിസ്റ്റർ ചെയ്ത് ഒരുമിച്ച് താമസിക്കുകയായിരുന്നു. 2022 ഓക്ടോബറിലായിരുന്നു ചടങ്ങ് നടത്താൻ തീരുമാനിച്ചത്.

എന്നാൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അതിന് മുമ്പേ ഇവര്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ആചാരങ്ങളൊന്നും നടക്കാത്തതിനാൽ വിവാഹം അം​ഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, 1954-ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം കഴിക്കുന്നതെങ്കില്‍, ഏതൊരു സ്ത്രീക്കും പുരുഷനും ഭാര്യ-ഭഭര്‍ത്താവ് പദവി ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. വിവാഹം സാധുവാകില്ലെന്ന് ചൂണ്ടിക്കാണിച്ച കോടതി ഇരുവരും പരസ്പരം നല്‍കിയ മൂന്ന് കേസുകളും റദ്ദാക്കി.

hindu marriage is not valid with out rituals

More Stories from this section

family-dental
witywide