അലഹബാദ്: ഹിന്ദു വിവാഹം വേർപെടുത്താനോ കരാർ പോലെ പരിഗണിക്കാനോ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. പവിത്രമായ ബന്ധമായി കണക്കാക്കുന്ന ഒരു ഹിന്ദു വിവാഹം പരിമിതമായ സാഹചര്യങ്ങളിൽ മാത്രമേ നിയമപരമായി വേർപെടുത്താൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.
വിവാഹബന്ധം വേർപെടുത്തിയതിനെതിരെ ഒരു സ്ത്രീ സമർപ്പിച്ച അപ്പീലിലായിരുന്നു ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ്, ദൊനാഡി രമേഷ് എന്നിവരുടെ നിരീക്ഷണം. 2011-ലെ ബുലന്ദ്ഷഹര്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവ് ചോദ്യംചെയ്തായിരുന്നു സ്ത്രീയുടെ ഹര്‍ജി. അന്തിമ ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതുവരെ പരസ്പര സമ്മതം സാധുവാണെങ്കില്‍ മാത്രമേ കോടതികള്‍ക്ക് വിവാഹമോചനം അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
അന്തിമ ഉത്തരവിന് മുമ്പ് ആരെങ്കിലും ഒരാള്‍ സമ്മതം പിന്‍വലിക്കുകയാണെങ്കില്‍, ആദ്യം നല്‍കിയ സമ്മതപ്രകാരമുള്ള വിവാഹമോചന നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
2006-ല്‍ വിവാഹിതരായ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു 2011ൽ ബുലന്ദ്ഷഹർ അഡീഷണല്‍ ജില്ലാ ജഡ്ജി വിവാഹമോചനം അനുവദിച്ചത്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിന് ശേഷം സ്ത്രീ ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോയി. 2008-ല്‍ ഭര്‍ത്താവ് വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ മോചനത്തിന് സമ്മതം നല്‍കി. എന്നാല്‍, വിവാഹമോചന നടപടികള്‍ പുരോഗമിക്കവെ യുവതി സമ്മതം പിന്‍വലിച്ചു. ഇതിനിടെ ദമ്പതിമാര്‍ ഒന്നിച്ച് താമസിക്കാന്‍ ധാരണയായി. രണ്ട് കുട്ടികളുമുണ്ടായി. അതേസമയം, മുന്‍സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ കോടതി വിവാഹമോചന ഹര്‍ജി അനുവദിച്ചു. ഇതാണ് ഹൈക്കോടതിയില്‍ ചോദ്യംചെയ്തത്.