കാലിഫോർണിയയിൽ ‘ഹിന്ദുഫോബിയ’ വർധിക്കുന്നു: കണക്കുകൾ പുറത്തുവിട്ട് സിവിൽ റൈറ്റ്സ് ഡിപ്പാർട്ട്മെന്റ്

കാലിഫോർണിയ: അമേരിക്കയിൽ ഹിന്ദുഫോബിയ വർധിച്ചു വരുന്നതായി റിപ്പോർട്ട്. കാലിഫോർണിയ സിവിൽ റൈറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ (സിആർഡി) റിപ്പോർട്ട് പ്രകാരം, കാലിഫോർണിയയിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മതവിദ്വേഷ കുറ്റകൃത്യങ്ങളിൽ രണ്ടാം സ്ഥാനത്ത് (23.3%)ഹിന്ദു വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങളാണെന്ന് കണക്കുകൾ. ഒന്നാം സ്ഥാനത്ത് യഹൂദവിരുദ്ധ(36.9%) കുറ്റകൃത്യങ്ങളാണ്.

കാലിഫോർണിയ vs ഹേറ്റ് പ്രോഗ്രാം എന്ന പേരിൽ 2023 ൽ കാലിഫോർണിയയിലെ ഭരണകൂടം വിദ്വേഷ കുറ്റകൃത്യങ്ങൾ തടയാൻ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇത് ജനങ്ങൾക്ക് സുരക്ഷിതമായും വ്യക്തിത്വം വെളിപ്പെടുത്താതെയും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഓൺലൈൻ പോർട്ടൽ സൗകര്യം ഒരുക്കി നൽകിയിരുന്നു. ഇതുപ്രകാരം 1000 വിദ്വേഷ കുറ്റകൃത്യങ്ങളാണ് ആദ്യ വർഷം തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ കൂടുതലും ഹിന്ദുക്കൾക്കെതിരായുള്ളവയാണ്.

മെയ് 20 ന് പുറത്തിറക്കിയ സിആർഡിയുടെ റിപ്പോർട്ട് കാണിക്കുന്നത്, റിപ്പോർട്ട് ചെയ്യപ്പെട്ട 1,020 വിദ്വേഷ സംഭവങ്ങളിൽ 580 എണ്ണം പരിശോധിച്ചു എന്നാണ്. ഈ സംഭവങ്ങളിൽ 35% വംശവും വംശീയതയും, 15% ലിംഗ സ്വത്വവും, ഏകദേശം 11% ലൈംഗിക ആഭിമുഖ്യവും അടിസ്ഥാനമാക്കിയുള്ള കുറ്റകൃത്യങ്ങളാണെന്ന് റിപ്പോർട്ട് പറയുന്നു. എന്നിരുന്നാലും, ഒരു പ്രത്യേക മതത്തോടുള്ള ശത്രുത മൂലമുണ്ടാകുന്ന വിദ്വേഷ സംഭവങ്ങളുടെ കൃത്യമായ ശതമാനം അതിൽ വ്യക്തമാക്കിയിട്ടില്ല.