വാരണാസി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൻ്റെ സീൽ ചെയ്ത നിലവറയ്ക്കുള്ളിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താമെന്ന് വാരണാസി കോടതി. ബാരിക്കേഡുകൾ നീക്കുന്നതുൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്നും ജഡ്ജി പറഞ്ഞു. കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരാണ് പ്രാർത്ഥന നടത്തേണ്ടതെന്നും കോടതി പറഞ്ഞു.
“ഹിന്ദു പക്ഷത്തിന് പ്രാർത്ഥന നടത്താൻ അനുമതിയുണ്ട്… ജില്ലാ ഭരണകൂടം ഏഴ് ദിവസത്തിനകം ക്രമീകരണം നടത്തണം. എല്ലാവർക്കും അവിടെ പ്രാർത്ഥിക്കാൻ അവകാശമുണ്ട്,” ഈ കേസിലെ നാല് ഹിന്ദു സ്ത്രീകളായ ഹർജിക്കാരുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.
ഈ ഉത്തരവിനെ പള്ളിക്കമ്മിറ്റി മേൽക്കോടതിയിൽ ചോദ്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗ്യാൻവാപി മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പി അടക്കമുള്ള ഹിന്ദുത്വസംഘടനകൾ ആവശ്യമുന്നയിച്ചിരുന്നു. മസ്ജിദിലെ വുദുഖാനയിൽ കണ്ടെത്തിയ നിർമിതി ‘ശിവലിംഗ’മാണെന്നും അതിൽ ‘സേവ പൂജ’ നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്നായിരുന്നു ആവശ്യം. 2022 മേയ് മാസത്തിലാണ് വാരാണസി പ്രാദേശിക കോടതി പള്ളിയുടെ ഒരു വിഡിയോഗ്രാഫിക് സർവേ നടത്താൻ അനുമതി നൽകിയത്.
അതേസമയം, മസ്ജിദിൽ കണ്ടെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തെ ശാസ്ത്രീയ സർവേയ്ക്ക് വിധേയമാക്കണമെന്ന് ഹൈന്ദവ കക്ഷികൾ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ പരിശോധന നടത്തണമെന്നാണ് ആവശ്യം. മസ്ജിദിലെ പ്രാർത്ഥനയ്ക്ക് മുൻപായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന സഥലമാണ് വുദുഖാന (വാട്ടർ ടാങ്ക്). അവിടെ ശിവലിംഗം കണ്ടെത്തിയെന്നാണ് വാദം.