വാരണാസി: കോടതി അനുമതി നൽകിയതിന് പിന്നാലെ ഗ്യാൻവാപിയിൽ ആരാധന നടത്തി ഹൈന്ദവ വിഭാഗം. ഗ്യാൻവാപി മസ്ജിദിന്റെ പേരും ഹിന്ദുത്വ സംഘടനകൾ മറച്ചു. മാത്രമല്ല മസിജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന ബോർഡിൽ ഗ്യാൻവാപി ക്ഷേത്രം എന്നാക്കി സ്റ്റിക്കറും ഒട്ടിച്ചു. ഗ്യാൻവാപി മസ്ജിദ് എന്നായിരുന്നു സൂചന ബോർഡിലുണ്ടായിരുന്നത്. ഇതോടെ മസ്ജിദിന് മുന്നിൽ സുരക്ഷ വർധിപ്പിച്ചു.
‘വ്യാസ് കാ തെഹ്‌കാന’ എന്ന് പേരിട്ടിരിക്കുന്ന നിലവറയിൽ പ്രാർത്ഥിക്കാൻ ഹിന്ദു ഭക്തർ പള്ളിയിൽ എത്താൻ തുടങ്ങിയതോടെ കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മസ്ജിദിന് സമീപമുള്ള പ്രദേശം ഇന്നലെ രാത്രി ഏറെ വൈകിയാണ് ഈ പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. ഹിന്ദു സംഘടനയായ രാഷ്ട്രീയ ഹിന്ദു ദളിലെ അംഗങ്ങൾ പള്ളിക്ക് സമീപമുള്ള ഒരു ബോർഡിൽ ‘മന്ദിർ’ (ക്ഷേത്രം) എന്ന വാക്ക് ഒട്ടിച്ചു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത സേനയെ വിന്യസിച്ചിട്ടുണ്ട്.
മസ്ജിദിന് നാല് നിലവറകളുണ്ട്. അതിലൊന്ന് അവിടെ താമസിച്ചിരുന്ന ഒരു പുരോഹിത കുടുംബത്തിൻ്റെ കൈവശമായിരുന്നു. വ്യാസ് കുടുംബാംഗമായ സോമനാഥ് വ്യാസ് 1993-ൽ നിലവറ സീൽ ചെയ്യുന്നതിനുമുമ്പ് അതിൽ പ്രാർത്ഥന നടത്തിയിരുന്നുവെന്ന് ഹർജിക്കാരനും കുടുംബാംഗവുമായ ശൈലേന്ദ്ര പഥക് നൽകിയ ഹർജിയിൽ പറയുന്നു. പാരമ്പര്യ പുരോഹിതർ എന്ന നിലയിൽ തങ്ങളെ കെട്ടിടത്തിൽ പ്രവേശിച്ച് ആരാധന നടത്താൻ അനുവദിക്കണമെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ നിലവറയ്ക്കുള്ളിൽ പ്രാർത്ഥന നടത്താമെന്ന് ഉറപ്പാക്കണമെന്ന് കോടതി ഇന്നലെ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിൻ്റെ ഉത്തരവ് പ്രകാരം 30 വർഷം മുൻപ് സീൽ ചെയ്ത പ്രദേശമാണ് കഴിഞ്ഞദിവസം വാരണാസി ജില്ലാ കോടതിയുടെ അനുമതിയോടെ ആരാധനക്കായി തുറന്നത്. ഗ്യാൻവാപി പള്ളിയിലെ തെക്ക് ഭാഗത്തെ നിലവറയിൽ പൂജ നടത്താനാണ് അനുമതി. പള്ളിയുടെ നിലവറയിലേക്ക് ഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു.
കോടതിയുടെ ഉത്തരവിനെ അലഹബാദ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പള്ളി കമ്മിറ്റി അറിയിച്ചു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇത് ചെയ്യുന്നത്. ബാബറി മസ്ജിദ് കേസിൽ സ്വീകരിച്ച അതേ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പള്ളിക്കമ്മിറ്റിയുടെ അഭിഭാഷകൻ മെറാജുദ്ദീൻ സിദ്ദിഖി പറഞ്ഞു.