ഡൽഹി: വിവിധ മന്ത്രാലയങ്ങളിലെ പ്രധാന തസ്തികകളിൽ കോൺട്രാക്ട് – ലാറ്ററൽ എൻട്രി നിയമനങ്ങൾ നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. യു പി എസ് സിക്ക് പകരം ആർ എസ് എസ് വഴി സർക്കാർ ജോലികളിൽ ആളെ കയറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് രാഹുൽ അഭിപ്രായപ്പെട്ടത്. ഈ നീക്കത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം സർക്കാർ പരസ്യമായി തട്ടിയെടുക്കുകയാണെന്നും രാഹുൽ ഗാന്ധി വിവരിച്ചു. ലാറ്ററൽ എൻട്രി വഴി പൊതുസേവകരെ റിക്രൂട്ട് ചെയ്യുന്ന സർക്കാർ നടപടി ദേശവിരുദ്ധ നടപടിയാണെന്നും പ്രതിപക്ഷ നേതാവ് ഞായറാഴ്ച പറഞ്ഞു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനു പകരം രാഷ്ട്രീയ സ്വയംസേവക് സംഘ് വഴി പൊതുപ്രവർത്തകരെ റിക്രൂട്ട് ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ ആക്രമിക്കുകയാണ്. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെ ജോയിൻ്റ് സെക്രട്ടറിമാരുടെയും ഡയറക്ടർമാരുടെയും ഡെപ്യൂട്ടി സെക്രട്ടറിമാരുടെയും പ്രധാന തസ്തികകളിലേക്ക് 45 സ്പെഷ്യലിസ്റ്റുകൾ ഉടൻ ചേരുമെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.