ചിക്കാഗോ: കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ കാര്‍മ്മികത്വത്തിലായുന്നു ചിക്കാഗോ ക്നാനായ കത്തോലിക സെന്റ്മേരീസ് പള്ളി ഇടവകക്ക് കീഴിലെ 25 കുരുന്നുകള്‍ ആദ്യകുര്‍ബാന സ്വീകരിച്ചത്. ഒരുപാട് പേരുടെ, ഒരുപാട് ദിവസത്തെ ത്യാഗത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ് ആഘോഷകരമായ ആദ്യകുര്‍ബാന ചടങ്ങെന്ന് ബിഷപ്പ് മൂലക്കാട്ട് പറഞ്ഞു. വിശ്വാസവും കൂട്ടായ്മയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകണമെന്നും ഭിന്നതകള്‍ മറന്ന് എല്ലാവരും ദൈവത്തിന് മുന്നില്‍ ഒന്നായി തീരണമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ആദ്യ കുര്‍ബാന സ്വീകരിച്ച എല്ലാ കുരുന്നുകളെയും ബിഷപ്പ് അഭിനന്ദിച്ചു. ദൈവത്തിലൂടെയുള്ള യാത്രയായിരിക്കും എല്ലാവരെയും യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് എത്തിക്കുക എന്നും ബിഷപ്പ് മാത്യു മൂലക്കാട്ട് ചൂണ്ടിക്കാട്ടി. സെന്റ് മേരീസ് പള്ളിയില്‍ നടന്ന ആദ്യ കുര്‍ബാന ചടങ്ങിന് ശേഷം വൈറ്റ് ഈഗിള്‍ ബാന്‍ക്വിറ്റ് ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിയാന്ന ചാലുങ്കല്‍, എഡ്വിന്‍ ചേലമലയില്‍, എല്‍വിയ ചേലമലയില്‍, ജേക്കബ് ചിറ്റാലക്കാട്ട്, മാത്യു ഇല്ലിക്കാട്ടില്‍, ശ്രേയ കല്ലിടുക്കില്‍, ഐറിൻ കണ്ടാരപ്പള്ളില്‍, ബെഞ്ചമിന്‍ കറുകപറമ്പില്‍, സേറ കൊച്ചാംകുന്നേല്‍, അലക്സ് കൊട്ടാരക്കുഴിയില്‍, എയ്ഞ്ചല്‍ കൊട്ടാരക്കുഴിയില്‍, ജോണ്‍ മാപ്ലേറ്റ്, ജോന മരങ്ങാട്ടില്‍, സാമുവല്‍ മറ്റത്തില്‍, റയാന്‍ പറഞ്ഞാട്ട്, ജുവാന്‍ പൊളക്കല്‍, ഇവാന പൂത്തട്ടേല്‍, എയ്ഡന്‍ പുത്തന്‍പുരക്കല്‍, ആബേല്‍ പുതുശേരില്‍, എയ്ഡന്‍ പുതുശേരില്‍, മൈക്കിള്‍ തെക്കൂനില്‍ക്കുന്നത്തില്‍, മില വട്ടകളം, എസ്റ വട്ടുകുളത്തില്‍, ക്രിസ്റ്റോള്‍ വെട്ടിക്കാട്ടില്‍, നെയ്ല്‍ വെട്ടിക്കാട്ട് എന്നീ 25 കുട്ടികളാണ് ആദ്യ കുര്‍ബാന സ്വീകരിച്ചത്.
നൃത്തച്ചുവടുകളോടെയായിരുന്നു ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളും അവരുടെ രക്ഷിതാക്കളും ആഘോഷ വേദിയിലേക്ക് കടന്നുവന്നത്. പിന്നീട് ആദ്യകുര്‍ബാന സ്വീകരിച്ച 25 കുട്ടികള്‍ അണിനിരന്ന നൃത്തപരിപാടിയും ക്നാനായ ഗാനാലാപനവും നടന്നു.
കുഞ്ഞ് ഹൃദയങ്ങളില്‍ ദൈവത്തിന്റെ കരുത്ത് ഉണ്ടാകട്ടേ എന്ന് കെ.സി.സി.എന്‍.എ പ്രസിഡന്റ് ഷാജി എടാട്ട് പറഞ്ഞു. ക്നാനായക്കാരനായി ജീവിക്കുകയും മരിക്കുകയും ചെയ്യുക എന്നതാണ് ഏവരുടെയും ജീവിത ലക്ഷ്യം. കെസിസിഎന്‍എ നാഷണല്‍ കണ്‍വെന്‍ഷന് ഇനി 40 ദിവസം മാത്രമാണ് ബാക്കി. എല്ലാവരും കണ്‍വെന്‍ഷന് എത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 14 വയസ്സിന് മുകളിലുള്ള രണ്ടായിരത്തോളം കുട്ടികള്‍ ഇതിനകം കണ്‍വെന്‍ഷനായി പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്നും ഏഴായിരത്തോളം ആളുകളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക എന്നും ഷാജി എടാട്ട് പറഞ്ഞു. ചിക്കാഗോ ആര്‍.വി.പി സ്റ്റീഫന്‍ കുഴക്കേക്കൂറ്റ് ഉള്‍പ്പടെയുള്ളവരെ അദ്ദേഹം അഭിനന്ദിച്ചു.
ആദ്യ കുര്‍ബാന എന്നത് ഒരു കുട്ടിയുടെ ക്രൈസ്തവ ജീവിതത്തിലെ അമൂല്യ നിമിഷമാണെന്ന് കെ.സി.എസ് പ്രസിഡന്റ് ജയിന്‍ മാക്കില്‍ പറഞ്ഞു. വിശ്വാസ രൂപീകരണത്തിനൊപ്പം ക്നാനായ സമുദായത്തിന്റെ ആചാരങ്ങളും പാരമ്പര്യവും കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ്. കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും സംഘടനാപരമായ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ കുര്‍ബാനക്കും അതിനൊപ്പം നടന്ന ആഘോഷത്തിനുമായി കുട്ടികളെ ഒരുക്കിയ അദ്ധ്യാപികമാരെയും മറ്റ് അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. അദ്ധ്യപികമാര്‍ക്കും ആദ്യ കുര്‍ബാന ചടങ്ങിനായി പ്രവര്‍ത്തിച്ച അംഗങ്ങള്‍ക്കും ബീഷപ്പ് മാത്യു മൂലക്കാട്ട് ഉപഹാരങ്ങള്‍ നല്‍കി. അനീഷ് ചിറ്റാലക്കാട്ട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെന്റ് മേരീസ് പള്ളി വികാരി സിജു മുടക്കോടിയില്‍, ബിനോയ് കിഴക്കനടി, ജീന മറ്റത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആഘോഷ പരിപാടികള്‍ സജി പൂത്രക്കയിലാണ് നിയന്ത്രിച്ചത്. മികച്ച സംഘാടനത്തിന് സജി പൂത്രക്കയിലിനെയും ഉപഹാരം നല്‍കി ആദരിച്ചു.
ആദ്യ കുര്‍ബാന ആഘോഷത്തില്‍ കുട്ടികളുടെ നൃത്ത പരിപാടികള്‍ക്കൊപ്പം അവരുടെ രക്ഷിതാക്കള്‍ അണിനിരന്ന ഗാന-നൃത്ത പരിപാടിയും ചടങ്ങിനെ ആവേശമാക്കി.
Holy communion for 25 children at St Marys Knanaya Catholic Church Chicago