ന്യൂഡൽഹി: അർബുദത്തിന് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് രണ്ട് ഇന്ത്യൻ ബ്രാൻഡ് മസാല നിരോധിച്ച് ഹോങ്കോങ്. എംഡിഎച്ച്, എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെയാണ് ഹോങ്കോങ് നിരോധിച്ചത്. മദ്രാസ് എംഡിഎച്ച് ഉൽപ്പന്നങ്ങളായ കറി പൗഡർ, മിക്‌സഡ് മസാല പൊടി, സാമ്പാർ മസാല എന്നിവയിലും എവറസ്റ്റിലെ ഫിഷ് കറി മസാലയിലും കീടനാശിനിയായ എഥിലീൻ ഓക്‌സൈഡ് കണ്ടെത്തിയതായി ഹോങ്കോങ് ഭക്ഷ്യസുരക്ഷാ കേന്ദ്രം അറിയിച്ചു. തുടർന്നായിരുന്നു നിരോധനം.
ഭക്ഷ്യ വസ്തുക്കളിൽ കീടനാശിനി സുരക്ഷിതമായ പരിധിക്കപ്പുറം ഉൾപ്പെട്ടാൽ നിരോധിക്കുന്നത് ഹോങ്കോങ്ങിൽ പതിവാണ്. നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയ ഉൽപ്പന്നങ്ങൾ വിൽക്കരുതെന്ന് അധികൃതർ അറിയിച്ചു. നിർദേശം ലംഘിച്ച് വിൽപ്പന നടത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നേരത്തെ, സിംഗപ്പൂരിലെ ഫുഡ് ഏജൻസിയും എവറസ്റ്റിലെ ഫിഷ് കറി മസാലയ്ക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. കുറഞ്ഞ അളവിലുള്ള എഥിലീൻ ഓക്സൈഡിൽ നിന്ന് ഉടനടി അപകടസാധ്യതയില്ലെന്ന് എസ്എഫ്എ വ്യക്തമാക്കിയെങ്കിലും, നീണ്ടുനിൽക്കുന്ന ഉപഭോഗം ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും അധികൃതർ പറയുന്നു.
Hongkong bannes 2 Indian brand curry masala