ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് 12 മരണം. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പേരെ വിദഗ്ധ ചികിത്സയ്ക്കായി പോണ്ടിച്ചേരിയിലെ ജിപ്മറിലേക്ക് മാറ്റി. കരുണാപുരത്തുനിന്നാണ് ഇവർ മദ്യം കഴിച്ചതെന്നാണു വിവരം. വ്യാജമദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് 200 ലിറ്റർ മദ്യം കണ്ടെടുത്തു. മദ്യത്തിൽ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു.
കള്ളക്കുറിച്ചി മെഡിക്കൽ കോളജ്, പോണ്ടിച്ചേരി ജിപ്മെർ, സേലം എന്നീ ആശുപത്രികളിലായി നാൽപ്പതോളം പേർ ചികിത്സയിലാണ്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നാണു വിവരം. തമിഴ് നാട് ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യൻ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മരണകാരണം പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് കളക്ടര്‍ ശ്രാവണ്‍ കുമാര്‍ അറിയിച്ചു. രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മരണകാരണം സ്ഥിരീകരിക്കാൻ പരിശോധനാ ഫലം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കലക്ടർ ശ്രാവൺ കുമാർ ശെഖാവത്തിനെ സ്ഥലം മാറ്റാനും പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയെ സസ്പെൻഡ് ചെയ്യാനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടു. മദ്യദുരന്തത്തിൽ സിബിസിഐഡി അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവൻ ഉദ്യോഗസ്ഥരെയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. എം.എസ്.പ്രശാന്തിനെ കള്ളക്കുറിച്ചിയിലെ ജില്ലാ കലക്ടറായും രജത് ചതുർവേദിയെ ജില്ലാ പൊലീസ് സൂപ്രണ്ടായും നിയമിച്ചു.