ന്യൂഡല്‍ഹി: ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് ഹമാസ് സമ്മതം അറിയിച്ചു. സൈനികരും പുരുഷന്മാരും ഉള്‍പ്പെടെയുള്ള ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള യുഎസ് നിര്‍ദ്ദേശം അംഗീകരിച്ചതായി ഹമാസിന്റെ മുതിര്‍ന്ന വൃത്തങ്ങള്‍ അറിയിച്ചു.
കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇസ്രായേല്‍ ആദ്യം സ്ഥിരമായ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന ആവശ്യം ഹമാസ് ഗ്രൂപ്പ് ഉപേക്ഷിച്ചുവെന്നാണ് വിവരം. ഹമാസ് തീരുമാനം ഇസ്രയേല്‍ കൂടി അംഗീകരിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട കരാറിലേക്ക് കടക്കുമെന്നും ഒരുപക്ഷേ അത് 9 മാസമായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തില്‍ 38,000 ഫലസ്തീനികളുടെ ജീവന്‍ ഇതുവരെ നഷ്ടപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 7-ന് തെക്കന്‍ ഇസ്രായേലി നഗരങ്ങളില്‍ ഹമാസ് ആക്രമണം നടത്തി 1,200 പേര്‍ കൊല്ലപ്പെടുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.