മണാലി: പഞ്ചാബിലെ മണാലി-റോപ്പര്‍ റോഡിലെ റോഡരികിലെ ഭക്ഷണശാലയുടെ ഉടമയും തൊഴിലാളികളും ചേര്‍ന്ന് ഒരു മേജറിനെയും 16 സൈനികരെയും ആക്രമിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍
ഭക്ഷണശാലയുടെ ഉടമയും മാനേജരും ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച, ലാഹൗളില്‍ നടന്ന സ്നോ മാരത്തണില്‍ വിജയിച്ച് ലഡാക്ക് സ്‌കൗട്ട്സിലെ മേജര്‍ സച്ചിന്‍ സിംഗ് കുന്തലും സൈനികരും മണാലിയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് സംഭവമുണ്ടായത്.
രാത്രി 9.15 ഓടെ റോപ്പര്‍ ജില്ലയിലെ ഭാരത്ഗഢിന് സമീപമുള്ള ‘ആല്‍പൈന്‍ ധാബ’യില്‍ സൈനികര്‍ അത്താഴം കഴിക്കാന്‍ എത്തി. നികുതി വെട്ടിക്കാന്‍ യുപിഐ വഴിയുള്ള ഭക്ഷണ ബില്‍ അടയ്ക്കാന്‍ ഉടമ വിസമ്മതിച്ചതിനെത്തുടര്‍ന്ന് മേജറും ഹോട്ടല്‍ ഉടമയും തമ്മില്‍ തര്‍ക്കമുണ്ടായി. ബില്ല് നല്‍കുമ്പോള്‍ ഓണ്‍ലൈനായി വേണ്ടെന്നും കയ്യില്‍ പണമായി നല്‍കിയാല്‍ മതിയെന്നുമായിരുന്നു ഉടമയുടെ താക്കീത്. എന്നാല്‍ ഇരുകൂട്ടരും തര്‍ക്കിക്കുകയും പണം ഓണ്‍ലൈനായി അടയ്ക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മേജറിനെയും 16 സൈനികരെയും ഹോട്ടലുടമയും തൊഴിലാളികളും ചേര്‍ന്ന് തല്ലിച്ചതക്കുകയായിരുന്നു.
35 പേരോളം അടങ്ങുന്ന സംഘമാണ് ഇരുമ്പ് വടിയും മറ്റും ഉപയോഗിച്ച് ഉദ്യോഗസ്ഥനെയും മറ്റ് ജവാന്മാരെയും ആക്രമിച്ചത്. ആക്രമണത്തില്‍ മേജറിന് കൈകള്‍ക്കും തലയ്ക്കും പരിക്കേല്‍ക്കുകയും ബോധംകെട്ടു വീഴുകയും ചെയ്തപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
Hotel owner beats up major and 16 soldiers over food bill dispute